Breaking News

റാണിപുരത്ത് സഞ്ചാരികൾ എത്തിത്തുടങ്ങി; പ്രവേശനം രാവിലെ 9 മുതൽ 3 വരെ


 

വെള്ളരിക്കുണ്ട്: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 6 മാസമായി കേന്ദ്രം അടച്ചിട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്ചയാണ് തുറന്നത്.

പാർക്കിങ് ഗ്രൗണ്ടിന് സമീപം നിർമിച്ച പന്തലിൽ നിന്ന് സഞ്ചാരികളുടെ ശരീരോഷ്മാവ് രേഖപ്പെടുത്തി സാനിറ്റൈസർ നൽകിയാണ് പ്രവേശനം. വനംവകുപ്പ് പനത്തടി സെക്‌ഷൻ ഓഫിസർ ടി.പ്രഭാകരന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, സെക്രട്ടറി ആർ.കെ.രാഹുൽ, ട്രഷറർ എം.ബാലു എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചാരികളെ നിയന്ത്രിച്ചത്.

ജില്ലയിൽ നിന്നുള്ള 63പേരാണ് ആദ്യ ദിനം എത്തിയത്. ഉച്ചകഴിഞ്ഞ് 3 ന് ശേഷം എത്തിയ 30 പേരെ തിരിച്ചയച്ചു. നിലവിൽ രാവിലെ 9 മുതൽ 3 മണിവരെയാണ് പ്രവേശനം. അട്ടയുടെ ശല്യം ഉള്ളതുകൊണ്ട് ഉപ്പ് പൊതിഞ്ഞ തുണിക്കിഴി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. പരിശോധന സ്ഥലത്തും, ടിക്കറ്റ് കൗണ്ടറിലും സാനിറ്റൈസർ ഉണ്ട്.10 വയസ്സിനു താഴെയും 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവര്‍ക്കും പ്രവേശനമില്ല. റാണിപുരത്ത് എത്തിയവർക്ക് ഭക്ഷണം ലഭിക്കാത്തത് ദുരിതമായി. നേരത്തെ ടിക്കറ്റ് കൗണ്ടറിനു സമീപം സ്വകാര്യ ഹോട്ടൽ ഉണ്ടായിരുന്നെങ്കിലും സ‍ഞ്ചാരികൾ എത്താതായതോടെ അടച്ചിട്ട നിലയിലാണ്.

No comments