Breaking News

വാട്ട്സാപ്പ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുമതി തേടി ഇന്ത്യ; വ്യാപക പ്രതിഷേധം


വ്യക്തികളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് ഇന്ത്യയുടെ തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വ്യക്തികൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് കരുത്തുറ്റ സ്വകാര്യത നൽകുന്നതാണ് വാട്ട്സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകർഷിക്കുന്നത്. ഈ ആപ്പുകളിലേക്ക് പിൻവാതിൽ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ചേർന്നിരിക്കുന്നത്. വർഷങ്ങളായി കേന്ദ്രസർക്കാർ ഇതിനുള്ള അനുവാദം വാട്ട്സാപ്പിനോട് ആരായുന്നുണ്ടെങ്കിലും വാട്ട്സാപ്പ് അതിന് തയ്യാറായിരുന്നില്ല. വ്യക്തികൾക്ക് നൽകുന്ന സ്വകാര്യതാ സുരക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്ന് വാട്ട്സാപ്പ് വ്യക്തമാക്കിയിരുന്നു.


എൻഡ്–ടു എൻഡ് എൻക്രിപ്ഷൻ ഇന്ത്യയ്ക്ക് മാത്രമായി പൊളിക്കാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ വാട്ട്സാപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങൾ തടയാനും കലാപ ആഹ്വാനങ്ങൾ തടയാനുമെന്ന സുരക്ഷാ കാരണങ്ങളാണ് സർക്കാരും നിരത്തുന്നത്. ഇന്ത്യയും അമേരിക്കയുമടക്കം അഞ്ച് രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തുള്ളത്.


എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിച്ച് പിന്‍വാതിലിടണം എന്ന കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് നിയമജ്ഞനും ഐഎഫ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അപാര്‍ ഗുപ്ത പറഞ്ഞു. അതു പോരെങ്കില്‍ ഏതു മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫിസാണ് ഈ രേഖയില്‍ ഒപ്പുവച്ചതെന്നും വ്യക്തമല്ല. വിദേശകാര്യ വകുപ്പോ, ആഭ്യന്തരവകുപ്പോ, ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പോ ആകാം.


കൂടാതെ, എന്‍ക്രിപ്ഷനെക്കുറിച്ചോ, അത് ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്ന രീതിയെക്കുറിച്ചോ നിയമോപദേശം തേടിയിരുന്നോ എന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. സർക്കാർ നീക്കം സ്വകാര്യത മൗലികാവകാശമാണ് എന്നു പ്രഖ്യാപിച്ച വിധിക്കെതിരെ ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

No comments