Breaking News

ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലേക്ക്


ഒ ടി ടി(ഓവര്‍ ദി ടോപ് പ്ലാറ്റ്‌ഫോം) പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി സര്‍വീസുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ സിനിമകള്‍ക്കും, വാര്‍ത്ത പരിപാടികള്‍ക്കും സര്‍ക്കാരിന് താത്പര്യമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനി മുതല്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തിന് സാധിക്കും. ഉളളടക്കം പരിശോധിക്കുന്നതിനുള്‍പ്പെടെ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുകയാണ്. രാജ്യത്ത് വിനോദ-വാര്‍ത്ത മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നതിനാണ് പുതിയ സാഹചര്യം വഴിവച്ചിരിക്കുന്നത്.ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ പോര്‍ട്ടുകളെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ മുന്‍പ് ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയ ഇത്തരമൊരു പരാതിയില്‍ എന്ത് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നോട്ടീസ് അയച്ച് ആരാഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഉത്തരവ് എന്നാണ് വിവരം.

malayoram flash

No comments