ശബരിമലയിൽ ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നു; തിങ്കളാഴ്ച മുതൽ തീർഥാടകരുടെ എണ്ണം കൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആയി 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. സന്നിധാനത്ത് രോഗംവന്ന് 9 പേരും ജീവനക്കാരാണ്.
പൊലീസ്, ദേവസ്വം ബോർഡ്,റവന്യൂ വകുപ്പുകളിലെ ജീവനക്കാർക്കാണ് സന്നിധാനത്ത് രോഗം സ്ഥിരീകരിച്ചത്. പമ്പയിൽ പൊലീസ് മെസ്സിൽ ഇന്ന് രാവിലെയും 2 ക്യാമ്പ് ഫോളോവർക്ക് രോഗം സ്ഥിരീകരിച്ചു. നിലക്കലിൽ പരിശോധന നടത്തിയ 24 തീർഥാടകർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എല്ലായിടത്തുമായി ഇതുവരെ 20 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഓരോ ജീവനക്കാർക്കും രോഗം കണ്ടെത്തി.
തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നു
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ആണ് തീർഥാടകരുടെ എണ്ണം കൂട്ടും എന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി തല യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആയിരം പേരെ അധികം പ്രവേശിപ്പിക്കാൻ തീരുമാനമായതായി ആണ് അറിയുന്നത്.
ഇതോടെ തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്ക് ശബരിമലയിൽ എത്താം. ശനി ഞായർ ദിവസങ്ങളിൽ 3000 ഭക്തരെ പ്രവേശിപ്പിക്കും. ആദ്യ 12 ദിവസങ്ങളിലെ കണക്കനുസരിച്ച് ഇന്നലെവരെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് 13529 പേർ ദർശനം നടത്തി. അതേസമയം ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുയാണ്. 12 ദിവസം ഉള്ള വരുമാനം രണ്ടു കോടിയിൽ താഴെയാണ്. ശരാശരി 10 ലക്ഷം രൂപ മാത്രമാണ് ഒരു ദിവസത്തെ വരുമാനം. സാധാരണ വർഷങ്ങളിൽ 50 കോടിയോളം എത്തേണ്ട സ്ഥാനത്താണ് വരുമാനം ഇടിഞ്ഞത്.
പുതിയ ബുക്കിംഗ് എന്നു മുതൽ?
ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കും. ഇത് എന്നുമുതൽ എന്ന കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് അറിയുന്നത്. പൊലീസ് ആണ് നിലവിൽ വെർച്വൽ ക്യൂ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത്. പൊതുജനത്തിന് കൃത്യമായ വിവരം നൽകിയ ശേഷം മാത്രമേ ക്യൂ ബുക്കിംഗ് പുനരാരംഭിക്കാവൂ എന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു.
No comments