Breaking News

വായ്പ പുതുക്കി നൽകിയില്ല; ബാങ്ക് മാനേജരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി



തൃശ്ശൂർ: കാർഷിക വായ്പ പുതുക്കി നൽകാത്തതിന്‍റെ ദേഷ്യത്തില്‍ ബാങ്ക് മാനേജരെ തലയ്ക്കടിച്ചു വീഴ്ത്തിയ കർഷകനെതിരെ കേസ്. കാട്ടൂർ സ്വദേശി വിജയരാഘവൻ എന്ന 65കാരനെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ബാങ്ക് മാനേജർ കണ്ണൂർ സ്വദേശി വി.പി.രാജേഷ് ഇരിങ്ങാലക്കുടയിൽ ചികിൽസയിലാണ്.

കാട്ടൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ബാങ്ക് തുറക്കാനെത്തിയ രാജേഷിനെ സ്കൂട്ടറിലെത്തിയ വിജയരാഘവൻ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം ഇയാൾ കടന്നു കളയുകയും ചെയ്തു.നാട്ടുകാരും സഹപ്രവർത്തകരും ചേർന്നാണ് തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

കാർഷിക വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജറും വിജയരാഘവനും തമ്മിൽ ചില തര്‍ക്കങ്ങൾ ഉണ്ടായിരുന്നു. നേരത്തെ തന്നെ വിജയരാഘവന് വായ്പ ഏതാണ്ട് ശരിയായിരുന്നു. ഇതിനിടെയാണ് പുതിയ മാനേജർ എത്തിയത്. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ചില രേഖകൾ കൂടി മാനേജർ ആവശ്യപ്പെട്ടതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്നാണ് സൂചന. വായ്പ തരാൻ മാനേജർ കാട്ടിയ വൈമുഖ്യമാണ് അക്രമണത്തിന് കാരണമെന്ന് പ്രതി വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

No comments