Breaking News

കുന്നുമ്മല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളിൽ 77 ശതമാനവും സ്ത്രീകള്‍




കോഴിക്കോട്: തദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം 50 ശതമാനമാണെങ്കിലും കുന്നുമ്മല്‍ പഞ്ചായത്തില്‍ ഇടത് സ്ഥാനാര്‍ത്ഥികളിൽ 77 ശതമാനവും സ്ത്രീകളാണ്. ഇതിൽത്തന്നെ യുവതികളാണ് അധികം പേരും. മലയോരമേഖലയിലെ ഈ പഞ്ചായത്തിലെ 13ല്‍ പത്ത് വാര്‍ഡുകളിലും വനിതകളാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍.

13 വര്‍ഡുകളില്‍ പത്തിലും വനിതകള്‍ മത്സരംഗത്തിറങ്ങിയതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ് കുന്നുമ്മല്‍ പഞ്ചായത്ത്. സിപിഎമ്മിന് ഏഴും സിപിഐ, എല്‍ജെഡി, എന്‍ സി പി സീറ്റുകളില്‍ ഓരോന്നിലും വനിതകള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍.

പുരുഷന്‍മാര്‍ മൂന്നുപേര്‍ മാത്രമാണ് എല്‍ഡിഎഫ് പാനലിലെ സ്ഥാനാർത്ഥികൾ. സംവരണമില്ലാത്ത കാലത്തും വനിതയെ പ്രസിഡന്റാക്കിയ ചരിത്രവും കുന്നുമ്മല്‍ പഞ്ചായത്തിനുണ്ട്. കെ കെ ലതികയായിരുന്നു ആദ്യ വനിതാ പ്രസിഡന്റ്.

യുഡിഎഫില്‍ പതിവ് പോലെ 50 ശതമാനം വനിതകൾ മത്സരിക്കുന്നുണ്ട്. 1962ല്‍ പഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ ഇതുവരെയും എല്‍ഡിഎഫാണ് ഭരണത്തിലേറിയത്. ഇത്തവണയും വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.

No comments