Breaking News

വെള്ളം കുടിക്കേണ്ടത് എപ്പോൾ, എങ്ങനെ; വെള്ളം കുടിക്കുന്നതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ




വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം. നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണെന്ന് അറിയാമല്ലോ. ചര്‍മ്മത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്.

എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെ സമയങ്ങളിലാണെന്ന് നോക്കാം

രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് പലരുടേയും ശീലമാണ്. ഇത് അത്ര നല്ലതല്ല. ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്.

കൂടുതൽ സമയം എസിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. കൂടാതെ മലബന്ധമുള്ളവർ വെള്ളം കുടി കുറയ്ക്കരുത്. ശരീരത്തിൽ ജലം കുറഞ്ഞാൽ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.

വേനൽക്കാലത്ത് വിയർപ്പ് കൂടുതലായിരിക്കുമെന്നതിനാൽ വെള്ളം കുടി നിർബന്ധമാണെന്ന് അറിയാമല്ലോ. മൂത്രത്തിൽ പഴുപ്പുള്ളവരും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. വെള്ളം കുറയുമ്പോൾ പഴുപ്പ് കൂടാൻ കാരണമാകും. ഇതുപോലെ മൂത്രത്തിൽ കല്ലുള്ളവരും ധാരാളമായി വെള്ളം കുടിക്കണം. വെള്ളം ധാരാളം കുടിച്ചാൽ കല്ല് ഒഴിവാക്കാം. കല്ല് മാറിയാലും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. വീണ്ടും കല്ലുണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേസമയം, വൃക്കരോഗമുള്ളവരും ഡയാലിസിസ് ചെയ്യുന്നവരും വെള്ളം കുടിക്കുന്നതിൽ ഡോക്ടറുടെ നിർദേശം പൂർണമായും അനുസരിക്കണം.


അമിത വണ്ണം ഉള്ളവരും വെള്ളം കുടിയിൽ അൽപ്പം ശ്രദ്ധിച്ചാൽ വണ്ണം കുറയ്ക്കാം. വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുമ്പോൾ വിശപ്പ് അൽപ്പം കുറയും. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.

വെള്ളത്തിന് പകരം കോളയും മറ്റ് പാനീയങ്ങളും കുടിക്കുന്ന പ്രവണത ചിലർക്കെങ്കിലും ഉണ്ട്. ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കോള കുടിച്ചാൽ ദാഹം ശമിക്കില്ല. ഇവ കൂടുതൽ കലോറി ശരീരത്തിൽ എത്തിക്കും. കോളയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് അമിതമായാൽ ശരീരത്തിന് അപകമാണ്. എന്നാൽ കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ കുടിക്കാം.

വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം ആവശ്യത്തിന് കുടിക്കണം. വ്യായാമം ചെയ്യുമ്പോൾ നിർജലീകരണം സംഭവിക്കും. വെള്ളത്തിന് അളവ് നിലനിർത്താൻ തേങ്ങാവെള്ളം, പാല്‍, ചോക്ലേറ്റ് പാല്‍ എന്നിവയും കുടിക്കാം.

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്താം. തക്കാളി, തണ്ണിമത്തന്‍, വെള്ളരി എന്നിവയിൽ ജലാംശം മാത്രമല്ല, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരം കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

No comments