വീട്ടിലിരുന്ന് മദ്യപാനത്തിനിടെ ഗൃഹനാഥയെ കളിയാക്കിയതിനെച്ചൊല്ലി അടിപിടി കൊലപാതകത്തിലെത്തി; സുഹൃത്ത് അറസ്റ്റിൽ
കോട്ടയം: പാമ്പാടിയിൽ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സുഹൃത്തായ പ്രതി അറസ്റ്റിൽ. കങ്ങഴ പന്തനാലിൽ സന്തോഷ് കുര്യാക്കോസ്(48) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തും സമീപവാസിയുമായ ചിനിക്കാലയിൽ സി.കെ ജോസഫിനെ(56)യാണ് പൊലീസ് അറസ്റ്റുചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ യു. ശ്രീജിത്ത് പറഞ്ഞു.
നവംബർ 17ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജോസഫിന്‍റെ സഹോദരന്‍റെ വീട്, സന്തോഷിന് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെവെച്ചാണ് ജോസഫും സന്തോഷും ഉൾപ്പടെയുള്ള സുഹൃത്തുക്കൾ മദ്യപിച്ചത്. അതിനിടെയാണ് ജോസഫിന്‍റെ ഭാര്യയെ സന്തോഷ് കളിയാക്കിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. തുടർന്ന് ഇരുവരും തമ്മിൽ അടിപിടി ഉണ്ടാകുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരും പിടിച്ചുമാറ്റുകയും, സംഘം അവിടെനിന്ന് പോകുകയും ചെയ്തു. അതിനുശേഷം തിരികെയെത്തിയാണ് ജോസഫ് സന്തോഷിനെ ആക്രമിച്ചത്
പിറ്റേദിവസം പുലർച്ചെ നാലരയോടെ സമീപവാസിയാണ് വീടിനുള്ളിൽ സന്തോഷിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായതോടെയാണ് സന്തോഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. തുടർന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽനിന്നാണ് ജോസഫും സന്തോഷും തമ്മിൽ വഴക്കുണ്ടായ കാര്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ജോസഫ് കുറ്റം സമ്മതിക്കുകയായിരുന്നു.
No comments