Breaking News

പുക പരിശോധന ഓൺലൈനായതോടെ തോൽവിയും തുടങ്ങി; രണ്ടാഴ്ച്ചക്കിടെ പരിശോധനയിൽ തോറ്റത് 1200 വാഹനങ്ങൾ


മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റം; ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: വാഹന പുക പരിശോധന പൂർണമായും ഓൺലൈനായതോടെ തോൽവിയും ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 1200 വാഹനങ്ങളാണ് പുക പരിശോധനയിൽ പരാജയപ്പെട്ടത്. പരിശോധനാ ഫലത്തിൽ തിരുത്തലുകൾക്കോ ക്രമക്കേടുകൾക്കോ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് തോൽവികളുടെ എണ്ണം വർധിച്ചത്. അന്തരീക്ഷ മലിനീകരണ തോത് ഏറെയുള്ള ഡീസൽ വാഹനങ്ങളാണ് കൂടുതലും പരാജയപ്പെട്ടത്.

1500 പുകപരിശോധനാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 60 ശതമാനം യൂണിറ്റുകൾ ഓൺലൈനിലേക്ക് മാറി. ഇവിടങ്ങളിലെ പുകപരിശോധനാ യന്ത്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലം നേരിട്ട് വാഹൻ വെബ്‌സൈറ്റിലേക്ക് എത്തും. ഇതുവരെ അരലക്ഷം ഓൺലൈൻ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.

പുക പരിശോധന ഓൺലൈനായതോടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വെയ്ക്കണ്ട. പകരം സ്മാർട്ട് ഫോണിൽ ഡിജിറ്റൽ പകർപ്പ് ഉണ്ടായാൽ മതി. എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലാണ് പരിശോധനാ ഫലം ലഭിക്കുന്നത്. പുകപരിശോധനാ കേന്ദ്രങ്ങൾ വാഹൻ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തിയതോടെയാണ് ഈ സൗകര്യം ലഭ്യമായത്.

പരിശോധനാ ഫലം വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നതിനാൽ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് ഓൺലൈനിലൂടെ കണ്ടെത്താൻ കഴിയും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് നടത്തുന്ന തെരച്ചിലിൽ ഈ വിവരങ്ങൾ ലഭിക്കും.

നിലവിൽ പരിശോധനാ ഫലം മാത്രമാണ് വാഹൻ വെബ്‌സൈറ്റിലേക്ക് ശേഖരിക്കുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ പരിശോധനയുടെ നിലവാരവും ഉറപ്പു വരുത്തും. പുകപരിശോധനാ കേന്ദ്രങ്ങളിലെ യന്ത്ര സംവിധാനങ്ങളുടെയും സോഫ്റ്റ്‌വെയറിന്റേയും നിലവാരമാണ് വിലയിരുത്തപ്പെടുക.


No comments