40 വർഷമായി ടാറിംഗ് നടത്താത്ത പഞ്ചായത്ത് റോഡിലൂടെ ദുരിതയാത്ര.. വോട്ട് ബഹിഷ്കരണത്തിനൊരുങ്ങി പരപ്പ കുപ്പമാട് വീട്ടിയോടി നിവാസികൾ.
കരിന്തളം: കിനാനൂർ കരിന്തളം എട്ടാം വാർഡിലെ പഞ്ചായത്ത് റോഡിലൂടെ വീട്ടിയോടി നിവാസികൾ കാൽനട പോലും സാധ്യമാവാതെ ദുരിതയാത്ര നടത്തുകയാണ്.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ റോഡ് ടാറിങ് നടത്താമെന്ന് ഉറപ്പു നൽകുകയും എന്നാൽ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്ത അവസ്ഥയുമാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ തവണത്തെ പഞ്ചായത്തംഗം ഉറപ്പ് തന്നതനുസരിച്ച്, റോഡ് ടാറിങ്ങിനുള്ള ഫണ്ട് അനുവദിക്കുകയും നവംബർ പതിനൊന്നാം തീയ്യതി കോൺട്രാക്ടർ കരാർ ഏറ്റെടുത്ത് പ്രവർത്തി ആരംഭിക്കുകയും ചെയ്തിരുന്നു, എന്നാൽ വെറും രണ്ട് ദിവസം മാത്രം ടാറിംഗിൻ്റെ ആദ്യഘട്ട പ്രവർത്തി തുടങ്ങി വച്ച ശേഷം സ്ഥലം വിട്ട കരാറുകാരനും ജനപ്രതിനിധിയും പിന്നീട് ഈ ഭാഗത്തേക്ക് വന്നിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡ് മുഴുവൻ കിളച്ചിട്ടതിനാൽ പ്രദേശവാസികൾക്ക് ഇപ്പോൾ ഇതുവഴി കാൽനടയാത്ര പോലും സാധ്യമല്ലാത്ത നിലയിലാണ് ഉള്ളത്. ടാറിംഗ് പ്രവൃത്തി നിർത്തിവച്ചതിൻ്റെ കാരണം എന്താണെന്ന് അറിയാൻ ബന്ധപ്പെട്ടവരോട് ചോദിക്കുമ്പോൾ ഒഴിഞ്ഞ് മാറുകയും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. വ്യത്യസ്ത രാഷ്ട്രീയ ചിന്തിഗതിക്കാരാണെങ്കിലും രാഷ്ട്രീയം മറന്ന് റോഡിന് വേണ്ടി ഒന്നിച്ച് ശബ്ദമുർത്തുകയാണ് ഇവിടുത്തെ നാട്ടുകാർ. ഡിസംബർ അഞ്ചാം തീയതിക്കുള്ളിൽ റോഡിന്റെ കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ പ്രദേശത്തെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ വിശ്വസിക്കുന്ന ഇരുപത്തിയഞ്ചോളം വരുന്ന കുടുംബങ്ങളിലെ അറുപത്തിയഞ്ചോളം വോട്ടർമാർ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് വീട്ടിയോടിയിലെ യുവജന കൂട്ടായ്മ മുന്നറിയിപ്പ് നൽകുന്നു.
No comments