പബ്ജി ആദ്യമെത്തുക ആന്‍ഡ്രോയിഡില്‍; ഐഫോണ്‍ ഉപയോക്താക്കള്‍ കാത്തിരിക്കേണ്ടിവരും
പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുമ്പോള്‍ പബ്ജി ആദ്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായിട്ടായിരിക്കും അവതരിപ്പിക്കുക. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഫ്രീ ആയിട്ടായിരിക്കും ഗെയിം ലഭ്യമാവുക.
പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് വെബ്‌സൈറ്റില്‍ നിലവില്‍ കമ്പനിയുടെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഗെയിം ലോഞ്ച് ചെയ്യുന്ന ഔദ്യോഗിക തിയതി കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. 2020 ല്‍ തന്നെ ഗെയിം പുറത്തെത്തുമെന്നാണ് സൂചനകള്‍. പുതിയ ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.
ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണകൊറിയയിലെ ബ്ലൂഹോള്‍ എന്ന ഭീമന്‍ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റണ്‍ എന്ന കമ്പനിയുടെ കീഴിലെ ബ്രാന്‍ഡായ പബ്ജി കോര്‍പ്പറേഷനാണ് ഈ ഗെയിമുകള്‍ നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെന്‍സന്റ് ഗെയിംസിന്റെ ചൈനയിലെ സെര്‍വറുകളിലാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെന്‍സെന്റില്‍ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.
No comments