Breaking News

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്യാൻ ഏജൻസികളെ നിയോഗിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്യാൻ ഏജൻസികളെ നിയോഗിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇതിനായി കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി ഇവ വിതരണം ചെയ്യാൻ പാഴ്‌സൽ ഏജൻസികളിൽ നിന്നും ടെൻഡർ വിളിച്ചു. അടുത്ത മാസം രണ്ടാം വാരത്തോടെ ഏജൻസി വഴിയുള്ള വിതരണ രീതി നിലവിൽ വരും.

നിലവിൽ തപാൽ വകുപ്പ് വിതരണം ചെയ്യുന്ന സർട്ടിഫിക്കേറ്റുകൾ കേന്ദ്രീകൃത അച്ചടി സംവിധാനത്തിന്റെ ഭാഗമായിട്ടാണ് മാറ്റം വരുത്തുന്നത്. ഒടിഞ്ഞുപോകാത്തതും പ്രിന്റിംഗ് മായാത്തതുമായ പോളികാർബണേറ്റ് കാർഡുകളിലാണ് ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അച്ചടിക്കുന്നത്. ക്യൂ.ആർ. കോഡ്, ഹോളോഗ്രാം, ഗ്വില്ലോച്ചേ പ്രിന്റിങ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കാർഡുകളിലുൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നിലവിലെ ഫീസിൽ മാറ്റമുണ്ടാകുന്നതുമല്ല. അപേക്ഷകന്റെ മേൽവിലാസത്തിലേക്ക് അയയ്ക്കുന്ന രേഖകൾ അപേക്ഷകനിലെത്താത്ത പക്ഷം അതത് പ്രദേശത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലേക്ക് ഇവ കൈമാറും. അപേക്ഷകർക്ക് ഓഫീസുകളിലെത്തി രേഖകൾ വാങ്ങാവുന്നതാണ്.

ഇതിനു പുറമേ, നിലവിലെ ലാമിനേറ്റഡ് കാർഡുകൾ പോളികാർബണേറ്റ് ആക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വരും.

No comments