Breaking News

കോട്ടകൾ കാത്ത് ബളാലും കിനാനൂർ കരിന്തളവും

വെള്ളരിക്കുണ്ട്: യുഡിഎഫിൻ്റെ കുത്തകയായ ബളാലിലും എൽഡിഎഫിൻ്റെ കുത്തകയായ കിനാനൂർ കരിന്തളത്തും ഇത്തവണയും അട്ടിമറികളില്ലാതെ ഭരണത്തുടർച്ച. 

കേരളാ കോൺഗ്രസ് മാണിവിഭാഗം യുഡിഎഫ് വിട്ടതിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല ഉറ്റുനോക്കിയത് മലയോരത്തെയാണ്. മാണി വിഭാഗത്തിന് ഏറെ മേൽക്കൈയുള്ള പഞ്ചായത്താണ് ബളാൽ അതു കൊണ്ട് തന്നെ ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. കോൺഗ്രസിൻ്റെ ഉരുക്കു കോട്ടയായ ബളാൽ പഞ്ചായത്തിൽ കേരളാ കോൺഗ്രസിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മാത്രമല്ല മാണിക്കാരുടെ ഉറച്ച സീറ്റുകളായ മാലോം വെള്ളരിക്കുണ്ട് വാർഡുകൾ യുഡിഎഫ് തിരിച്ച് പിടിക്കുകയും ചെയ്തു. ക്വാറിവിഷയത്തിൽ ത്രികോണ മത്സരം നടന്ന മുട്ടോംകടവ് വാർഡിലും യുഡിഎഫ് സ്ഥാനാർത്ഥി മോൺസി ജോയി ജയിച്ച് കയറി. ശക്തമായ മത്സരം നടന്ന ആനമഞ്ഞൾ വാർഡിൽ യുഡിഎഫ് പരാജയം ഏറ്റ് വാങ്ങി, എൽഡിഎഫിലെ വിഷ്ണുവിനെയാണ് ഇവിടെ ജനങ്ങൾ തിരഞ്ഞെടുത്തത്. മരുതുംകുളം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മേരി അമ്മയെ ഒൻപത് വോട്ടിന് പരാചയപ്പെടുത്തി സന്ധ്യാ ശിവൻ ഇടതുമുന്നണിയുടെ മാനം കാത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബളാലിൽ മുസ്ലീംലീഗ് യു.ഡി.എഫുമായി സഹകരിച്ചിരുന്നില്ല എന്നാൽ ഇത്തവണ കൂട്ടായ പ്രവർത്തനത്തിലൂടെ പഞ്ചായത്തിൽ  മികച്ച നേട്ടമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞു. പ്രസിഡണ്ട് സ്ഥാനാർത്ഥി കൂടിയായ രാജു കട്ടക്കയം എന്ന നേതാവിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് ബളാലിനെ ഇന്നും കോൺഗ്രസിൻ്റെ ഉരുക്കുകോട്ടയായി നിലനിർത്തുന്നത്.


ചുവപ്പ് കോട്ടയായ കിനാനൂർ കരിന്തളത്തെ ജനങ്ങൾ ഇത്തവണയും പഞ്ചായത്ത് ചുവപ്പിച്ചു. പതിനേഴിൽ പതിമൂന്ന് സീറ്റും ഇടതുപക്ഷം തൂത്തുവാരി. പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന ഇടതു മുന്നണിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ടി.കെ രവി മുന്നിൽ നിന്ന് നയിച്ചത് പ്രവർത്തകരിൽ ആവേശമുണ്ടാക്കി.

ഇടത് സ്വതന്ത്രനായി മത്സരിച്ച സിഎച്ച് അബ്ദുൾ നാസർ കമ്മാടം വാർഡിൽ വിജയം കൊയ്തതും, ശക്തമായ മത്സരത്തിലൂടെ യുഡിഎഫ് സീറ്റായ പതിനാറാം വാർഡ് തിരിച്ച് പിടിച്ച് വി.സന്ധ്യയും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കി.

ഒന്നാം വാർഡ് ചായ്യോത്ത് 829 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ ചരിത്ര നേട്ടമുണ്ടാക്കി ഇടത് മുന്നണി സ്ഥാനാർത്ഥി പി ധന്യ കിനാനൂർ കരിന്തളത്തിൻ്റെ താരമായി. എൻഡിഎ യ്ക്ക് പതിവുപോലെ ചുവപ്പിൻ്റെ മണ്ണിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ഇവിടെ എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പാർട്ടി നേതാവും ജനകീയനുമായ പാറക്കോൽ രാജൻ്റെ തോൽവിയാണ് ഇടത് കോട്ടയിൽ തിരിച്ചടിയായത്, കരിന്തളം വാർഡിൽ അട്ടിമറി വിജയം നേടിയത് കോൺഗ്രസ് സ്ഥാനാർത്ഥി ഉമേശൻ വേളൂരാണ്. ഉമേശൻ്റെ നാളിതുവരെയുള്ള ജനസേവന പ്രവർത്തനങ്ങളാണ് അപ്രതീക്ഷിത വിജയത്തിന് പിന്നിലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

അതേ സമയം വലത് മുന്നണിയുടെ തുറുപ്പ് ചീട്ടായ ചിത്രലേഖയിലൂടെ കോളംകുളം വാർഡും, മനോജ് തോമസിലൂടെ പെരിയങ്ങാനം വാർഡും യുഡിഎഫ് നിലനിർത്തി

No comments