Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക് നിയന്ത്രണം

വെള്ളരിക്കുണ്ട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ ബുധനാഴ്ച്ച വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ യുള്ള എല്ലാ സ്വീകരണ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി   വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദൻ അറിയിച്ചു. 

കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. 

ബൈക്ക് റാലി. തുറന്ന വാഹനത്തിൽ വിജയിച്ചവരെ ആനയിക്കൽ കൂട്ടം കൂടിയുള്ള സ്വീകരണം എന്നിവഉൾപ്പെടെ ഉള്ള എല്ലാആഘോഷ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്. 

കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഒരിടത്തും കൂട്ടം കൂടിനിൽക്കുവാൻ പാടില്ല.  

വോട്ടെണ്ണൽ കേന്ദ്രമായ പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത്‌ സ്ഥാനാർത്ഥികളും അവരുടെ കൗണ്ടിങ് ഏജന്റ്‌ മാരും ഇലക്ഷൻ കമ്മീഷൻ  നൽകിയ പാസ് ഉള്ളവരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അല്ലാത്തവരെ കണ്ടെത്തിയാൽ പോലീസ് പിടി കൂടുമെന്നും കർശന നടപടികൾ നേരിടേണ്ടി വരുമെന്നും യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും സി. ഐ. അറിയിച്ചു. 

പോലീസ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ ജ്യാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആയിരിക്കും കേസ് എടുക്കുക എന്നും പ്രവർത്തകരെ ഇത് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ആയിരിക്കുമെന്നും അനാവശ്യ വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പിടിച്ചെടുക്കുമെന്നും പോലീസിനോട് മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളുംപ്രവർത്തകരും പൂർണ്ണമായും സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദൻ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളിൽ ക്രമ സമാധാനം ഉറപ്പ് വരുത്തുവാൻ ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ട്. ഇതിനായി ഡി. വൈ. എസ്‌. പി. സതീഷ് ആലക്കലിന്റെ നേതൃത്വത്തിൽ നൂറോളം പോലീസുകാരും ഉണ്ടാകും.

No comments