Breaking News

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും




തൊടുപുഴ: അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വീട്ടിലെത്തിക്കും. മൃതദേഹം ഇപ്പോൾ തൊടുപുഴ ജില്ലാ ആശുപത്രിയിലാണുള്ളത്. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട്  മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് ഇല്ലായിരുന്നതിനാലാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.


പൊലീസും നാട്ടുകാരും ചേര്‍ന്ന്അനിലിനെ  ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. കോവിഡ് പരിശോധനാ ഫലം രാവിലെ ലഭിക്കും. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം നെടുമങ്ങാട് തൊട്ടുമുക്കിലാണ് വീട് . പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം വീട്ടിലെത്തിക്കും.

No comments