Breaking News

ബാറുകൾ ഇന്ന് തുറക്കും; ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയും പ്രവർത്തിക്കും


സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് തുറക്കും. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെയുള്ള എല്ലാ മദ്യവില്പന ശാലകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയും പ്രവര്‍ത്തിക്കും.

കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാര്‍ച്ചില്‍ അടച്ച ബാറുകള്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ബാറുകള്‍ തുറക്കുന്നത്. നേരത്തേ തുറന്നെങ്കിലും ഇരുന്നു മദ്യപിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ബിവറേജസ് നിരക്കില്‍ കൗണ്ടറുകളിലൂടെ മാത്രമായിരുന്നു മദ്യ വില്പന.

ശക്തമായ സമ്മര്‍ദ്ദം ബാറുടമകളില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് ബാറുകള്‍ തുറക്കാന്‍ പലതവണ എക്സൈസ് വകുപ്പ് തീരുമാനമെടുത്തു. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ പ്രതികൂല നിലപാടും ബാറുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത് വൈകിപ്പിച്ചു. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാമെന്ന എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ ഇപ്പോള്‍ മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു.

ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പുറമേ ക്ലബുകള്‍,എയര്‍പോര്‍ട്ടുകളിലെ കൗണ്ടറുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവയും തുറക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം കോവിഡിനു മുന്‍പുള്ള സമയക്രമത്തിലേക്ക് മാറും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം മദ്യശാലകളുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയർ-വൈൻ പാർലറുകളും അടച്ചത്. പിന്നീട് ലോക്ക്ഡൌൺ പിൻവലിച്ചതോടെയാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും വഴി പാഴ്സലായി മദ്യം വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബാറുകളും മറ്റും തുറക്കാൻ തീരുമാനിച്ചത്.

No comments