Breaking News

പാലക്കാട് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ്




പാലക്കാട്: തേങ്കുറിശിയിൽ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ അച്ഛനായി തിരച്ചിൽ ഊർജിതമാക്കി. ഭാര്യയുടെ അമ്മാവനെ കഴി‍ഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ടാണ് തേങ്കുറിശ്ശി മാനാംകുളമ്പിൽ വെച്ച് പ്രദേശവാസിയായ അനീഷ് എന്ന യുവാവ് കൊല്ലപ്പെട്ടത് . അനീഷും ഭാര്യ ഹരിതയും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. ഇവരുടെ വിവാഹത്തിന് ഹരിതയുടെ വീട്ടുകാർ കടുത്ത എതിർപ്പുയർത്തിയിരുന്നു. എന്നാൽ മൂന്നു മാസം മുൻപ് ഇവർ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.

ഹരിതയുടെ വീട്ടുകാര്‍ ഇതിനുശേഷവും ഭീഷണി തുടർന്നിരുന്നു. ഇന്നലെ സഹോദരനൊപ്പം കടയിൽ പോവുമ്പോഴാണ് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്. വൈകിട്ടോടെ ബൈക്കിൽ സഹോദരനൊപ്പം കടയിലേക്ക് പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ പറഞ്ഞു.

മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഹരിതയുടെ അമ്മാവൻ സുരേഷിനെ സംഭവം നടന്ന ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ പ്രഭുകുമാറിനായി തിരച്ചിൽ ഊർജിതമാക്കി. അനീഷിൻ്റെ പോസ്റ്റുമോർട്ടവും ഇന്ന് നടക്കും.

No comments