ചെറുവണ്ണൂർ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് : ചെറുവണ്ണൂരിൽ ഒഴിവായത് വൻ ദുരന്തം. സ്വകാര്യ ഏജൻസിയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് വൻ തീപിടിത്തമുണ്ടായത്. ദേശീയപാത കുണ്ടായിത്തോടിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ് നാടിനെ നടുക്കിയ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ യൂണിറ്റുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നാലുമണിക്കൂറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വിവിധ പഞ്ചായത്തുകളിൽ നിന്നും കോർപറേഷനിലെ ചിലഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണാണിത്. 8000 ടണ്ണിലധികം ഖര മാലിന്യങ്ങളുണ്ട്. ഇവ തരം തിരിക്കുന്ന ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ പത്തോളം പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാട്ടുകാരുടെ ഇടപെടലിൽ ഇവരെ ആദ്യം തന്നെ രക്ഷിച്ചു.
നാലുഭാഗവും തകര ഷീറ്റു കൊണ്ട് മറച്ച ഗോഡൗണായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു. ഏറെ നേരത്തെ അധ്വാനത്തിനു ശേഷം ഷീറ്റുകൾ പൊളിച്ചു നീക്കിയാണ് അഗിരക്ഷാപ്രവർത്തകർ അകത്തു കയറിയത്.
സമയോചിത പ്രവർത്തനം മൂലം വൻ ദുരന്തമാണ് ഒഴിവായത്. സമീപത്ത് സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണുണ്ട്. തൊട്ടടുത്ത് എസ്എംഎൽ ഇസുസു ഷോറൂമിലെ കാറുകൾ നാട്ടുകാർ തള്ളിനീക്കി അവിടെ നിന്ന് മാറ്റി. ഗോഡൗണിനു പിന്നിലായി ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ്. അമാന ടൊയോട്ടയുടെ വാഹന ഷോറൂമും അടുത്തുണ്ട്. വിശ്രമമില്ലാത്ത രക്ഷാപ്രവർത്തനമാണ് ദുരന്തം പിടിച്ചുനിർത്തിയത്.
മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കലക്ടർ സാംബശിവറാവു, പൊലീസ് മേധാവികൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അനുമതിയോടെയാണോ ഗോഡൗൺ പ്രവർത്തിച്ചത് എന്ന കാര്യവും തീപിടിത്ത കാരണവും അന്വേഷിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.
No comments