കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍
കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയതായും ദുരന്ത നിവാരണ കമ്മീഷണര്‍.
ന്യൂനമർദ്ദം മൂലം കനത്ത മഴയും കടൽക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനാൽ ആലപ്പുഴ ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കി. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന അറിയിപ്പും നേരത്തെ തന്നെ നൽകിയിരുന്നു. റവന്യൂ, ഫിഷറീസ് ടീമുകൾ കടലോര മേഖലകളിൽ കഴിഞ്ഞ ദിവസം സന്ദർശിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി 17 പേരുള്ള എൻഡിആർഎഫ് ടീം ജില്ലയിലെത്തി. നിലവിൽ എൻഡിആർഎഫ് ടീം പ്രശ്ന സാധ്യതയുള്ള കടലോര മേഖലകൾ സന്ദർശിക്കുകയാണ്.വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് മേഖലയും ടീം സന്ദർശിക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
No comments