ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ്; അടിഞ്ഞുകൂടിയ മണൽ നീക്കിയില്ല
ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ഇനിയും നടപടിയായില്ല. ചെക്ക്ഡാമിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജലസംഭരണം നടത്തുന്നതിനു മുന്നോടിയായി തടയണയിൽ അടിഞ്ഞുകൂടിയ മണൽ, ചെളി എന്നിവയുടെ അളവുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ ഇവ നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഇതിനു പുറമേ പുഴയിൽ വീണു കിടക്കുന്ന മരങ്ങൾ നീക്കാനും ഉപയോഗശൂന്യമായ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ സംഘം ഉറപ്പു നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തി 3 ആഴ്ച പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നു തുടർ നടപടികളൊന്നും ഉണ്ടായില്ല. ചെക്ക്ഡാമിൽ മരപ്പലക ഇട്ടു ജലസംഭരണം നടത്താൻ ഇനിയും കാലതാമസം ഉണ്ടായാൽ പുഴയിൽ വെള്ളമില്ലാത്ത സ്ഥിതിയാകും. ചെക്ക്ഡാമിലെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞു.
പുഴയുടെ ഇരുഭാഗത്തും വൻതോതിൽ മണലും ചെളിയും അടിഞ്ഞുകൂടിയ നിലയിലാണ്. കണ്ണൂർ -കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതപ്രശ്നവും ജലക്ഷാമവവും പരിഹരിക്കുന്നതിനാണു ചെക്ക്ഡാം നിർമിച്ചത്. ഗതാഗത പ്രശ്നം പരിഹരിക്കാനായെങ്കിലും ജലക്ഷാമം ഇന്നും രൂക്ഷമായി തുടരുന്നു. വേനൽ കനക്കുന്നതോടെ ഡാമിലെ ജലനിരപ്പ് താഴുന്നതാണു ജലക്ഷാമം രൂക്ഷമാകാൻ കാരണം.
ഡാമിന്റെ ഉയരക്കുറവ് മൂലം ആവശ്യത്തിനു വെളളം ശേഖരിക്കാനാകുന്നില്ല. ചെക്ക്ഡാമിനു ഷട്ടറായി ഉപയോഗിച്ചിരുന്ന മരപ്പലകകൾ കാലപ്പഴക്കത്തെ നശിച്ചുതുടങ്ങി. ഈ വർഷം ഒട്ടേറെ പലകകൾ ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ച നിലയിലാണ്. എത്രയും വേഗത്തിൽ ചെക്ക്ഡാമിൽ ജലസംഭരണം ആരംഭിച്ചില്ലെങ്കിൽ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യത ഏറെയാണ്.
No comments