Breaking News

കര്‍ഷക ദിനമായ ഇന്ന് കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം


ന്യൂഡല്‍ഹി കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയേകി കര്‍ഷക ദിനമായ ഇന്ന് രാജ്യവ്യാപകമായി ഇന്ന് വ്യത്യസ്ത സമരങ്ങള്‍ നടക്കും. പതിഷേധത്തിന്റെ ഭാഗമായി രാജ്യത്ത് എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു. റോഡ് ഉപരോധനടക്കമുള്ള ഡല്‍ഹിയിലെ സമരങ്ങള്‍ തുടരും. ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കും. എല്ലാ സംസ്ഥാനങ്ങളിലും നിരവദി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ യോഗങ്ങളും റാലികളും നടക്കും.

കേരളത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രത്യേക സമര പരിപാടികള്‍ നടക്കും. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് നിയമസഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതില്‍ സര്‍ക്കാറിനുള്ള അതൃപ്തി മുഖ്യമന്ത്രി ഇന്ന് പരസ്യമായി അറിയിച്ചേക്കും. ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഇന്നത്തെ പ്രതിഷേധ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസുകളും ബി ജെ പി ജനപ്രതിനിധികളുടെ വീടുകളും ഉപരോധിക്കും. ഇന്നലെ ഹരിയാ മുഖ്യമന്ത്രിക്കെതിരേയും കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സമരം 28 ദിവസം പിന്നിട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരായ നീക്കമായി ഇതു വളരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്തുക്കള്‍, റിലൈന്‍സ് പെട്രോള്‍ പമ്പുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും.


No comments