Breaking News

വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കരുത്; കർഷകർക്ക് സമരം ചെയ്യാം: സുപ്രീംകോടതി


ന്യൂഡൽഹി • കാർഷിക നിയമങ്ങൾക്കെതിരായി കർഷകർക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി അവധിക്കാല ബെഞ്ചിനു വിട്ട കോടതി, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു.

കലാപങ്ങൾ ഉണ്ടാക്കാതെ കര്‍ഷകർക്കു സമരം തുടരാം. പൊലീസ് ഇവരെ തടയരുത്. ഡൽഹിയിലെ റോഡുകൾ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കൾക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. ഡൽഹി അതിർത്തിയിലുള്ള കർഷകരുടെ സമരം നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. കർഷകരുമായുള്ള ചർച്ചയ്ക്കു പ്രത്യേക സമിതിയെ വയ്ക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും കോടതി പറഞ്ഞിരുന്നു.

പ്രതിഷേധം നടത്തുന്നതിനായി പ്രതിഷേധിക്കരുതെന്നും നിലപാടുണ്ടാകണമെന്നും ഹർജിക്കാരിലൊരാൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. ഇതാണ് ഞങ്ങളും ഉദ്ദേശിച്ചതെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കലാപത്തിലൂടെ അല്ലാതെ പൂർത്തീകരിക്കണം. പ്രശ്നങ്ങളെക്കുറിച്ചായിരിക്കണം പ്രതിഷേധം. കൂടിയാലോചനകളില്‍ കേന്ദ്രത്തിന് വിജയിക്കാനാകുന്നില്ല. നിങ്ങളുടെ തീരുമാനങ്ങൾ കർഷകർ അംഗീകരിക്കുമെന്ന് കരുതുന്നില്ല. കമ്മിറ്റി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.

No comments