Breaking News

സംസ്ഥാനത്ത് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ; ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ആണ് പൂർത്തിയായത്

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരും ഇതിൽ ഉൾപ്പെടും.

മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരുടെയും രജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വാക്‌സിന്‍ വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി.

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ നോഡല്‍ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആയുഷ്, ഹോമിയോ, വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്.

No comments