സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം; മലയോരത്തിന്റെ അഭിമാനമായി ഭീമനടിയിലെ ലീനാ മോഹൻ
വെള്ളരിക്കുണ്ട് : സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഭീമനടി കുറിഞ്ചേരി സ്വദേശിനി ലീനാ മോഹൻ. സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയ ലീന, പുതിയ നേട്ടത്തിലൂടെ മലയോരത്തിന്റെ 'ഉരുക്കു വനിത'യെന്ന വിശേഷണത്തിന് അർഹയായിരിക്കുകയാണ്.
കാസർഗോഡ് ജില്ലയ്ക്ക് അഭിമാനമായി മാറിയ ലീനയുടെ നേട്ടം വനിതകൾക്കും കായികരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്കും വലിയ പ്രചോദനമാണ്. പവർലിഫ്റ്റിംഗ് പോലുള്ള കരുത്തും കഠിനാധ്വാനവും അച്ചടക്കവും ആവശ്യമായ കായിക ഇനത്തിൽ തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നത് ലീനയുടെ സമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
വേൾഡ് റെക്കോർഡ് ഹോൾഡറും ഗ്ലോബൽ അവാർഡ് ജേതാവുമായ ഷിജുവിന്റെ ശിക്ഷണത്തിലാണ് ലീന പരിശീലനം നടത്തുന്നത്. പരിശീലകന്റെ കൃത്യമായ മാർഗനിർദേശവും ലീനയുടെ നിരന്തര പരിശ്രമവുമാണ് ഈ വിജയത്തിലേക്ക് നയിച്ചത്.
യു. മോഹനനാണ് ഭർത്താവ്. ശ്രേയസ്, ശിവപ്രസാദ് എന്നിവർ മക്കളാണ്.
സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നാടിന്റെ യശസ്സുയർത്തിയ ലീനാ മോഹന് കായികപ്രേമികളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.
No comments