Breaking News

രാത്രികാല കർഫ്യു ഉത്തരവ്; നടപ്പിലാകുന്നതിന് മുമ്പ് തന്നെ പിന്‍വലിച്ച് കര്‍ണാടക സർക്കാർ




ബംഗളൂരു: രാത്രികാല കർഫ്യു നടപ്പിലാക്കുമെന്ന ഉത്തരവ് പിന്‍വലിച്ച് കർണാടക സർക്കാർ. ഉത്തരവ് പ്രാബല്യത്തില്‍ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് രാത്രികാല കര്‍ഫ്യു ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറിയത് എന്നതാണ് ശ്രദ്ധേയം. ഡിസംബർ 23 മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് ഡിസംബർ 24 ലേക്ക് നീക്കിയിരുന്നു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് മണി വരെ ഒമ്പത് ദിവസത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ഉത്തരവ് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പിൻവലിച്ചതായി സര്‍ക്കാർ അറിയിച്ചത്. യുകെയിൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ആയിരുന്നു കർഫ്യു ഏർപ്പെടുത്താനുള്ള നീക്കം. എന്നാൽ പൊതുതാത്പ്പര്യം കണക്കിലെടുത്ത് തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചിരിക്കുന്നത്. ‌


'രാത്രികാല കര്‍ഫ്യു ആവശ്യമില്ലെന്ന് പൊതുഅഭിപ്രായം ഉയർന്നതിനെ തുടർന്ന് തീരുമാനം പുനഃപരിശോധിച്ചു. മന്ത്രിമാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രാത്രികാല കർഫ്യു ഉത്തരവ് പിന്‍വലിക്കാൻ തീരുമാനിച്ചു' യെദ്യൂരപ്പ പ്രസ്താവനയിൽ അറിയിച്ചു.


രോഗത്തെ തടയാൻ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നാണ് അദ്ദേഹം അറിയിച്ചത്.

കർഫ്യു ഉത്തരവിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സർക്കാരിന്‍റെ തെറ്റായ നടപടികള്‍ മറച്ചുവയ്ക്കാനും ജനശ്രദ്ധ വഴിതിരിച്ചുവിടാനുമുള്ള നീക്കമാണ് ഇതെന്നായിരുന്നു മുഖ്യവിമർശനം.

No comments