സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണത അംഗീകരിക്കില്ല; കാസർകോട് കളക്ട്രേറ്റിൽ വനിതാ കമ്മീഷൻ അദാലത്ത് സമാപിച്ചു
കാസര്‍കോട്: സമീപകാലത്തായി സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്നും ഇത്തരം പ്രവണതകളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ നടത്തിയ വനിത കമീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ പൊതുസമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ചുകൊണ്ട്, അവരെ മാനസികമായി വേട്ടയാടാനുള്ള ദുഷ്പ്രവണതകളാണ് ഇത്തരം ചെയ്തികള്‍ക്ക് പിന്നില്‍. അഭയ കേസ് വിധി സ്വാഗതാര്‍ഹമാണ്
മതസ്ഥാപനങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും നടക്കുന്ന സ്ത്രീ വിരുദ്ധ-ലൈംഗിക അതിക്രമങ്ങള്‍ക്കെതിയുള്ള തിരിച്ചടിയാണ് ഈ വിധി. തെറ്റ് ചെയ്യുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ഈ വിധിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. 37 പരാതികള്‍; 12 പരാതികളില്‍ തീര്‍പ്പ് കാസര്‍കോട്: വനിത കമീഷന്‍ അദാലത്തിന്‍െറ ആദ്യദിവസം 37 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 12 എണ്ണം പരിഹരിച്ചു.
നാലു പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. ലോക്ഡൗണിനുമുമ്ബ് ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചവയിലേറെയും. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ വലിത തോതില്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്ന് വനിത കമീഷന്‍ അംഗങ്ങളായ ഇ.എം. രാധയും ഷാഹിദ കമാലും പറഞ്ഞു.
ആ സമയത്ത് ലഭിച്ച പരാതികള്‍, അതത് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറി, പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി വനിത കമീഷന്‍ സ്വീകരിച്ചിരുന്നതായി അംഗങ്ങള്‍ വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച പരാതികളില്‍ അധികവും കുടുംബ കലഹം, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, സാമ്ബത്തിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. പത്രമാധ്യമങ്ങളിലൂടെ പൊതുപ്രവര്‍ത്തകയായ ഒരു സ്ത്രീയെ മോശമായ ഭാഷയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും അദാലത്തില്‍ ലഭിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വനിത കമീഷന്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം, മുന്‍ ജില്ല പഞ്ചായത്ത് അംഗത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി നടന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും പരാതി ലഭിച്ചിരുന്നു. ആ പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിത കമീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം. രാധ, ജില്ല കലക്ടര്‍ ഡോ.ഡി.
സജിത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തില്‍ പരാതി പരിഹരിച്ചത്. കാസര്‍കോട് വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സി. ഭാനുമതി, അഡ്വക്കറ്റുമാരായ എ.പി. ഉഷ, രേണുകാദേവി, സീനിയര്‍ സി.പി.ഒ പി. ഷീല,സി.പി.ഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ എന്നിവര്‍ അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
No comments