പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം; തൽകാലം തടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്താ പദ്ധതിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങളോ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാൻ കോടതി കേന്ദ്രത്തിന് അനുവാദം നൽകി. ഡിസംബർ പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.
നിർമാണ പദ്ധതിയുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പദ്ധതിക്ക് സ്റ്റേ ഏർപ്പെടുത്തിയില്ലെന്നതിന് അർഥം മുന്നോട്ടുപോകാമെന്നല്ലെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്- സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും
പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെതിരേ 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി മുൻ വൈസ് ചെയർമാൻ വി.എസ്. ഐലാവദി, പ്രസാർ ഭാരതി മുൻ സി.ഇ.ഒ. ജവഹർ സിർക്കാർ തുടങ്ങിയ മുൻ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചത്. പദ്ധതി ഈ മേഖലയുടെ പൈതൃകസ്വഭാവംതന്നെ നഷ്ടപ്പെടുത്തുമെന്നും വലിയ പാരിസ്ഥിതികാഘാതമേൽപ്പിക്കുമെന്നും കത്തിൽ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പാർലമെന്റിൽ ചർച്ചയോ സംവാദമോ നടന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിക്കും കത്തിന്റെ പകർപ്പയച്ചിട്ടുണ്ട്.

No comments