നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ, പി നാരായണൻ.... രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ
ദില്ലി: രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ചടങ്ങിൽ പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു. കല, സാമൂഹിക സേവനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും പുരസ്കാരം. പ്രശസ്ത നൃത്താധ്യാപിക കലാമണ്ഡലം വിമലാ മേനോൻ ചടങ്ങിൽ വെച്ച് പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. പത്മപുരസ്കാര വിതരണത്തിന്റെ ആദ്യഘട്ട ചടങ്ങിൽ വെച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ജി. ദേവകിയമ്മ രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിന് അഭിമാനമായി മാറിയ നിരവധി പേരാണ് ഇത്തവണ പത്മപുരസ്കാര പട്ടികയിൽ ഇടംപിടിച്ചത്
No comments