ഓൺലൈൻ സംവിധാനം; മലയോരത്തെ പുക പരിശോധന സർട്ടിഫിക്കറ്റുകൾ സ്മാർട്ടായി
വെള്ളരിക്കുണ്ട്: താലൂക്കിലെ വാഹന പുക പരിശോധനാകേന്ദ്രങ്ങൾ എല്ലാം ഓൺലൈൻ ആയി. കേന്ദ്രീകൃത സോഫ്റ്റ് വെയർ ആയ പരിവാഹനുമായി എല്ലാ കേന്ദ്രങ്ങളും ലിങ്ക് ചെയ്താണ് ഇത് നടപ്പാക്കിയത്. താലൂക്കിലെ 11 പുക പരിശോധനാ കേന്ദ്രങ്ങളും വാഹന പരിശോധനക്കു ശേഷം സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നത് ഇനി മുതൽ ഓൺലൈൻ ആയിട്ടായിരിക്കും. വാഹനത്തിൻ്റെ മറ്റെല്ലാ രേഖകളും പോലെ ഇനി ഇതും ഓൺലൈൻ ആയി സൂക്ഷിക്കാനും, പ്രിൻറ് എടുക്കാനും സാധിക്കും.എം പരിവാഹൻ ആപ്ലിക്കേഷനിൽ ഈ വിവരങ്ങൾ ലഭ്യമാവും.വാഹന പരിശോധനാ സമയത്ത് ഈ ഡിജിറ്റൽ രേഖ കാണിച്ചാൽ മതി.ഇന്ത്യയിലെവിടെ നിന്നും ഈ വിശദാംശങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും. പുക പരിശോധന കേന്ദ്രങ്ങളെ മോട്ടോർ വാഹന വകുപ്പിന് കൃത്യമായി മോണിറ്റർ ചെയ്യുവാനും, എത്ര വാഹനങ്ങൾ പരിശോധിച്ചു ? എത്ര പരാജയപ്പെട്ടു? അവ തകരാറുകൾ പരിഹരിച്ച് വീണ്ടും പരിശോധന നടത്തിയോ തുടങ്ങിയ കാര്യങ്ങൾ ഓഫീസിലിരുന്ന് കൊണ്ടു തന്നെ മനസിലാക്കാനും കഴിയും.അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി കുറ്റമറ്റ രീതിയിലുള്ള പുക പരിശോധന ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നോഡൽ ഓഫിസർ കൂടിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ പറഞ്ഞു.
No comments