Breaking News

വിവാഹ വേദിയിൽ നിന്നും പോളിംഗ്‌ ബൂത്തിലേക്ക്


പരപ്പ:  വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ പുതുമണവാട്ടി വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. പരപ്പ എടത്തോട്ടെ റഫ്സീനയാണ് വിവാഹ വീട്ടിലെ ആളും ആരവങ്ങൾക്കുമിടയിൽ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയത്. 

എടത്തോട്ടെ മുസ്ലീം ലീഗ് നേതാവ് ബി കുഞ്ഞബ്ദുല്ല - സൈനബ ദമ്പതികളുടെ മകളായ റഫ്സീനയുടെയും കാഞ്ഞങ്ങാട് കുശാൽ നഗറിലെ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകൻ റാസിഖും തമ്മിലുള്ള വിവാഹമാണ് തിങ്കളാഴ്ച നടന്നത്.  

ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് റഫ്സീനയുടെ വോട്ട്. ഉച്ചക്ക് രണ്ട് മണിയോടെ വരനും സംഘവും എടത്തോട് വീട്ടിലെത്താനിരിക്കെ അണിഞ്ഞൊരുങ്ങിയ മണവാട്ടി ഉമ്മയ്ക്കും സഹോദരൻ റഊഫിനുമൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള വോട്ടെടുപ്പ് കേന്ദ്രത്തിലെത്തുകയായിരുന്നു. അര മണിക്കൂറിനകം വോട്ട് ചെയ്ത് മടങ്ങി.


തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാർമസിയിൽ അവസാന വർഷ ബിഫാം വിദ്യാർത്ഥിനിയാണ് റഫ്സീന. വിവാഹ നാളിൽ തന്നെ കന്നിവോട്ട് ചെയ്ത സന്തോഷത്തിലാണ് പുതുമണവാട്ടി.

No comments