പെരിയ കേസിൽ സുപ്രീം കോടതി നിർദ്ദേശം ആശ്വാസം പകരുന്നതെന്ന് കാസർകോട് മീറ്റ് ദ പ്രസിൽ മുല്ലപ്പള്ളി
കാസര്‍കോട്: നിയമവാഴ്ചയില്‍ വിശ്വാസമുള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ആരു നടത്തണമെന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസ് ക്ലബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ എതിര്‍ക്കുകയും വേട്ടക്കാരെ സംരക്ഷിക്കാനുമാണ് ആഭ്യന്തര വകുപ്പ് തുനിഞ്ഞത്. എന്തിനാണ് സി.ബി.ഐ എന്ന് പറയുമ്ബോള്‍ മുഖ്യമന്ത്രി വിറളിപിടിക്കുന്നത്. പ്രതിപക്ഷ നേതാക്കന്മാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. സംസ്ഥാന മന്ത്രിസഭ നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്.
ധനമന്ത്രി തോമസ് ഐസക്കിനെ തുടരെ തുടരെ ഒറ്റപ്പെടുത്തുകയാണ്. സി.പി.എമ്മിലെ വിഭാഗീയത പരസ്യമായി പുറത്തുവന്നിരിക്കുകയാണ്. കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. സി.പി.എമ്മില്‍ ഇപ്പോള്‍ പിണറായി വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായിക്കഴിഞ്ഞു. ബി.ജെ.പിക്കും സി.പി.എമ്മിനും എതിരെയുള്ള വികാരമാണ് ജനങ്ങളില്‍. കാസര്‍കോട്ടെ പുത്തിഗെയിലും പനത്തടിയിലും ബി.ജെ.പിയുമായി പ്രാദേശിക ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പാര്‍ട്ടി ജില്ല നേതൃത്വം ഇക്കാര്യം ഇതുവരെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതി കുമാര്‍, ഡി.ഡി.സി പ്രസിഡന്‍റ് ഹക്കീം കുന്നില്‍, അഡ്വ.സി.കെ.ശ്രീധരന്‍ എന്നിവര്‍ മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നു.
No comments