രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി രജനികാന്ത്
ചെന്നൈ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നിലപാട് മാറ്റി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് ട്വിറ്ററില്‍ പറഞ്ഞു. ജനുവരി 15ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി അനുയായികള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ച് രജനി തീരുമാനം മാറ്റിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാലാണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് രജനി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉചിതമല്ലെന്നാണ് താന്‍ കരുതുന്നത്. വാക്ക് പാലിക്കാനാകാത്തില്‍ കടുത്ത വേദനയുണ്ട്. ഇക്കാര്യത്തില്‍ തന്റെ അനുയായികളോട് മാപ്പ് ചോദിക്കുന്നു. തന്റെ അനുയായികളുടെ ആരോഗ്യംകൂടി പരിഗണിച്ചാണ് പിന്‍മാറ്റം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് താന്‍ കരുതുന്നില്ല. പിന്‍മാറ്റം സംബന്ധിച്ച അപവാദ പ്രചാരണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
രജനികാന്തിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നത് ദേശീയ അടിസ്ഥാനത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നും സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ ഇടം നല്‍കിയ സ്ഥലമാണ് തമിഴ്‌നാട്. ഈ സാഹടര്യത്തില്‍ ഏറെ അനുയായികളുള്ള രജനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തമിഴ്‌നാട്ടിന്റെ രാഷ്ട്രീയ ഗതി മാറ്റുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയെ ഒപ്പം നിര്‍ത്താന്‍ ബി ജെ പി ശ്രമവും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ താരത്തിന്റെ പെട്ടന്നുള്ള പിന്‍മാറ്റം അനുയായികള്‍ക്കിടയില്‍
വലിയ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
വരുന്ന ജനുവരി 15ന് രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ഓട്ടോയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ചിഹ്നമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതനുസരിച്ച് നീക്കങ്ങള്‍ തുടങ്ങിയ അനുയായികള്‍ രജനിയുടെ പിന്‍മാറ്റത്തില്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേജുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ ആരോഗ്യ കാരണം മാത്രമാണ് രജനി പറയുന്നത്. അടുത്തിടെ ഹൈദരാബാദില്‍ ഷൂട്ടിംഗിനിടയില്‍ താരത്തിന് കൊവിഡ് സ്ഥിരകരിച്ചിരുന്നു. തുടര്‍ന്ന് നെഗറ്റീവായ ശേഷം ഡോക്ടര്‍മാര്‍ വിശ്രമത്തിനായി ചെന്നൈയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
No comments