Breaking News

കള്ളവോട്ട് ചെയ്തെന്ന് ആരോപണം കോടോംബേളൂർ മൂന്നാം വാർഡ് 1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി


രാജപുരം: സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ട് ചെയ്ത കോടോം ബേളൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് എരുമക്കുളം ഐടിഐ  1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപെട്ടു. സിപിഎം പ്രവർത്തകർ ബൂത്ത് കയ്യേറുകയും ദുബായിലുള്ള ആളുകളുടെയും മറ്റും വോട്ടുകൾ കള്ളവോട്ട് ചെയ്തതായി ബിജെപി നേതാക്കൾ പറഞ്ഞു.  ഇത് ചോദ്യം ചെയ്ത ബിജെപി ബൂത്ത് ഏജൻ്റ് പി. രാധാകൃഷ്ണനെ ഉദയപുരത്തെ സിപിഎം ആക്രമികൾ മുഖത്തും കഴുത്തിനും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രാധാകൃഷ്ണനെ പൂടംകല്ല് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തെ ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അശോകൻ കുയ്യങ്ങാടിനെ  അക്രമികൾ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തു. ഇതിനെതിരെ രാജപുരം പോലീസ്, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.  മൂന്നാം വാർഡിൽ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

  പ്രീസൈഡിങ് ഓഫീസർക്ക് പരാതി കൊടുത്തപ്പോൾ ഞങ്ങൾക്ക് പരാതി വേണ്ട എന്നുള്ള തീരുമാനമാണ് പ്രീസൈഡിങ്ങ് ഓഫിസർ സ്വീകരിച്ചത്. ഇതിനെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വിജയൻ, ജനറൽ സെക്രട്ടറി കെ.അശോകൻ, വൈസ് പ്രസിഡന്റ് തമ്പാൻ അരിയളം എന്നിവർ അറിയിച്ചു.

No comments