Breaking News

മകരവിളക്ക് ഉത്സവം; ശബരിമലയില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം


സന്നിധാനം: (www.malayoramflash.com) മകരവിളക്ക് പൂജയുടെ ഭാഗമായി ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


ഇന്നലെ വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നത്. എന്നാല്‍ ഇന്ന് രാവിലെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 5000 പേര്‍ക്കാണ് പ്രവേശനം.


കീഴ്ശാന്തി ഉള്‍പ്പെടെ 21 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. 75 പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചു. മേല്‍ശാന്തി കൊറോണ നിരീക്ഷണത്തിലാണെങ്കിലും വിശേഷാല്‍ പൂജകള്‍ ഉള്‍പ്പെടെയുള്ളവ നടക്കും.


ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവര്‍ക്കും 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്ബയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ.


ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യം നിലയ്ക്കലോ പമ്ബയിലോ ഉണ്ടാവില്ല. തീര്‍ത്ഥാടകര്‍ പുറത്തുനിന്നും ടെസ്റ്റ് ചെയ്ത് എത്തണം. ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് ദര്‍ശനം ഉണ്ടാകുക. തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ശബരിമല നട അടയ്ക്കും.

No comments