Breaking News

SBI ഉപഭോക്താക്കളുടെ ശ്രദ്ധക്ക്! നാളെ മുതൽ പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം നിലവിൽവരും


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി ഒന്നു മുതൽ ചെക്കുകൾക്ക് പുതിയ പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നു. ചെക്ക് ഇടപാടുകൾ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് ഇത്. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി നൽകേണ്ടിവരും. ചെക്ക് ഇഷ്യു ചെയ്യുന്നയാൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, കൊടുക്കുന്ന ആളുടെ പേര് എന്നിവ നൽകേണ്ടിവരും. -SBI അറിയിച്ചു.

ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിന് പുതിയ മാര്‍ഗ രേഖ ആര്‍ ബി ഐ പുറത്തിറക്കിയിട്ടുള്ളത്. ചെക്കുകള്‍ വ്യാജമായി സമര്‍പ്പിച്ചും കള്ള ഒപ്പിട്ട് നല്‍കിയും മറ്റും വലിയ തുകകള്‍ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാന്‍ പല നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി റിസർവ് ബൈങ്ക് രംഗത്തെത്തിയത്.

എന്താണ് പോസിറ്റീവ് പേ?

അക്കൗണ്ടുടമ ആര്‍ക്കെങ്കിലും ചെക്ക് നല്‍കി കഴിഞ്ഞാല്‍ അയാളുടെ ജോലി അവിടെ അവസാനിക്കുന്നില്ല. കൊടുത്ത ചെക്കിന്റെ വിശദ വിവരങ്ങള്‍ അപ്പോള്‍ തന്നെ ബാങ്കുമായി പങ്കുവയ്ക്കണം. ഒപ്പം ആരുടെ പേരിലാണോ ചെക്ക് നല്‍കിയത് അയാളുടെ പേരുവിവരങ്ങളും ഇങ്ങനെ പങ്കു വയ്ക്കുന്നു. ബാങ്കിലെത്തുമ്പോള്‍ ചെക്ക് സാധാരണ (ഒപ്പ് അടക്കമുള്ള കാര്യങ്ങള്‍) പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പുറമേ ചെക്ക് നല്‍കിയ ആള്‍ ബാങ്കിലേക്ക് ഷെയര്‍ ചെയ്ത വിവരങ്ങളും താരതമ്യം ചെയ്യുന്നു. ഇവ രണ്ടും ഒന്നാണെങ്കില്‍ മാത്രം പണം നല്‍കുന്നു. അല്ലെങ്കില്‍ തിരിച്ചയക്കുന്നു. ഇങ്ങനെ ചെക്കിന് 'ഡബിള്‍ ലെയര്‍' സുരക്ഷ ഉറപ്പാക്കണമോ എന്ന് അക്കൗണ്ടുടമയ്ക്ക് തീരുമാനിക്കാം. എന്നാല്‍ 50,000 രൂപയില്‍ കൂടിയ തുകയാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും കൈമാറിയിരിക്കണം.

No comments