സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു
തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് കോളനിയിലെ രാജന്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ 22നാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. പെട്രോള്‍ ദേഹത്തൊഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ തീ പടരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രാജന്റെ മരണം. രാജന്റെ ദേഹത്ത് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മൂന്ന് സെന്റ് സ്ഥലത്ത് ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു രാജനും ഭാര്യയും. സ്ഥലം തന്റെതാണെന്ന് പറഞ്ഞ് അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയില്‍ രാജനെതിരെ കോടതി വിധി പ്രസ്താവിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം പോലീസ് സ്ഥലം ഒഴിപ്പിക്കാനെത്തിയപ്പോള്‍ രാജനും ഭാര്യയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുമെന്ന് ഭീഷണി മുഴക്കി. ലൈറ്റര്‍ പോലീസ് തട്ടിമാറ്റുവാന്‍ ശ്രമിച്ചെന്നും ഇതോടെ തീ പടരുകയായിരുന്നുവെന്നും ഇതാണ് പൊള്ളലേല്‍ക്കാന്‍ ഇടയാക്കിയതെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ മൊഴി നല്‍കിയിരുന്നു.
No comments