വ്യാജ വീഡിയോ സന്ദേശം; വെള്ളരിക്കുണ്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു
വെള്ളരിക്കുണ്ട് : സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ സന്ദേശം നടത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ഉത്തമൻ എന്ന മോഹനനെതിരെയാണ് ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് വാർഡ് എൽഡിഎഫ് സ്ഥാനാർഥി സി ആർ രാജേഷിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസൻ കേസ് എടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജേഷിന്റെ വിജയം തടയുക എന്ന ലക്ഷ്യത്തോടെ വീഡിയോ സന്ദേശം നൽകിയതായാണ് പരാതി. രാഷ്ട്രീയ ലഹള ഉണ്ടാക്കുക, ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കുക, അപമാനിക്കുക എന്നീ ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. വ്യാജ സന്ദേശത്തിന്റെ സിഡിയും, സ്കീൻഷോർട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

No comments