Breaking News

കോവിഡ് പ്രതിരോധത്തിന്റെ 333 കാസര്‍കോടന്‍ ദിനങ്ങള്‍


കാസര്‍ഗോഡ്:   ലോകം മുഴുവനും കോവിഡിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍,പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് തന്റെതായ ഇടം അതിജീവന ഭൂപടത്തില്‍ രേഖപ്പെടുത്തിയ ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവച്ച് 34 ാം ദിവസം ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്തു.പിന്നീട് ഇങ്ങോട്ട്,പ്രതിരോധത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ച് ജില്ല നടത്തിയ പ്രയാണത്തിന് കാലം സാക്ഷി.

ഫെബ്രുവരി മൂന്ന് - വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നു.ജില്ലയിലെ ആദ്യ കേസ് ആണ് ഇത്. കേസ് സ്ഥിരീകരിച്ചയുടന്‍ ദ്രുതഗതിയില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ശക്തിപ്പെടുത്തുന്നു.

ഫെബ്രുവരി 16 - ജില്ലയിലെ ആദ്യ കോവിഡ് രോഗി രോഗവിമുക്തനാകുന്നു.

മാര്‍ച്ച് 16 - ജില്ലയില്‍ കോവിഡിന്റെ രണ്ടാം കടന്ന് വരവിന് തുടക്കമാകുന്നു.തുടര്‍ന്ന് കോവിഡ് കേസ്സുകള്‍ ദിനംപ്രതി കൂടി വരുന്നു.

മാര്‍ച്ച് 20 - കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചിടുകയും അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്യുന്നു

മാര്‍ച്ച് 22 - മാര്‍ച്ച് 22 ന് രാത്രി ഒന്‍പത് മുതല്‍ ജില്ലയിലെ 17 പോലീസ് സ്റ്റേഷന്‍ പരിധിയിലും നിരോധാജ്ഞ നിലവില്‍ വരുന്നു.മാര്‍ച്ച് 23-ജില്ലയിലെ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മയും ജില്ലയില്‍ എത്തിയതോടെ കോവിഡ് പ്രതിരോധത്തിന് പുതിയമുഖം കൈവരുന്നു.ഈ കാലയളവില്‍ ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ക്രമസമാധാന പരിപാലനത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കോറോണ കോര്‍ കമ്മിറ്റി ദിനംപ്രതി രാവിലെ യോഗം ചേര്‍ന്ന് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ കൈകൊള്ളുകയും ചെയ്തത് ജില്ലയ്ക്ക് ആശ്വാസം നല്‍കുന്നു.

അശരണര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കിയതും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കിയതും ലോക്ഡൗണ്‍മൂലം വീടുകളില്‍ അടച്ചിട്ടിരിക്കുന്നവര്‍ക്ക് സഹായകമായി.ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായതോടെ,ഇവിടങ്ങളില്‍ ഡ്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക്,സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി പോലീസും രോഗികള്‍ക്ക് മരുന്ന് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കി അഗ്നി ശമന സേനയും സേവനത്തിന്റെ പാതയില്‍ പുതിയ അധ്യായം സൃഷ്ടിച്ചു.രാജ്യത്തെ ആദ്യത്തെ സി എഫ് എല്‍ ടി സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്

ഏപ്രില്‍ ആറ് - മികച്ച ചികിത്സ സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടിയ ജില്ലയ്ക്ക് ആശ്വാസമായി,ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിച്ചു.ഏപ്രില്‍ ആറ് മുതല്‍ മെഡിക്കല്‍ കോളേജ്, കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചു .

ഏപ്രില്‍ 14- കോവിഡ്  പ്പ്രരതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ജില്ലയ്ക്ക് പുതിയ വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കുകയും ഏപ്രില്‍ 14 ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.

കോവിഡ് വ്യാപനം ചെറുക്കാന്‍ രൂപം നല്‍കിയ കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മ പദ്ധതി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും കേന്ദ്ര ആരോഗമന്ത്രാലയത്തിന്റെ പ്രശംസ നേടുകയും ചെയ്തിരുന്നു.ജില്ല കൂട്ടായി നടത്തിയ പ്രയത്‌നത്തിന്റെ ഫലമായി മെയ് പത്തിന് കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലെ മുഴുവന്‍ രോഗികളും രോഗവിമുക്തരാകുന്നു

കോവിഡിന്റെ മൂന്നാം വരവ്

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ ഇതരസംസ്ഥാനത്തു നിന്നുളളവര്‍ ജില്ലയില്‍ എത്തുന്നു.ഇതോടെ ജില്ലയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുന്നു.മെയ് പകുതിയോടെ ആരംഭിച്ച ഈ ഘട്ടത്തില്‍ അതിവേഗമാണ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്.സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതാണ് ഈ ഘട്ടം അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് ബോധവത്കരണം സമൂഹത്തിന്റെ അടിത്തട്ടില്‍ എത്തിക്കാന്‍ ജില്ലാ കളക്ടറുടെ പ്രത്യേക താല്‍പര്യ പ്രകാരം മാഷ് പദ്ധതിയും ആരംഭിക്കുന്നു.കാസര്‍കോട് ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതിയിടെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി വ്യാപിപ്പിച്ചത്.

ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, രോഗികളെ വീട്ടില്‍ കിടത്തി ചികിത്സയും ആരംഭിച്ചു.ഇതും ഹിറ്റായി മാറുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും, കോവിഡ് പ്രതിരോധ പാതയില്‍ ജില്ലയ്ക്ക് മുതല്‍കൂട്ടായി.

സെപ്തംബര്‍ ഒന്‍പത്- സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ ടാറ്റാഗ്രൂപ്പ് തെക്കില്‍ വില്ലേജില്‍ നിര്‍മ്മിച്ച ടാറ്റാ കോവിഡ് ആശുപത്രി സെപ്തംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്നു.

ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു,ജില്ലാ പോലീസ് മേധാവി ഡി ശില്പ,ഡി എം ഒ ഡോ എ വി രാംദാസ് എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയായി കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന്റെ ഫലമായി ജില്ലയിലെ കോവിഡ് കേസുകള്‍ നവംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങുന്നു.ഡിസംബര്‍ 31 ന് കോവിഡ് പ്രതിരോധത്തിന്റെ 333 ദിനങ്ങള്‍ ജില്ല പൂര്‍ത്തിയാക്കി.സ്വജീവിതം പോലും പണയം വെച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍,രാപകല്‍ ഭേദമില്ലാതെ കോവിഡ് രോഗികളുമായി ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍,കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രയത്‌നിക്കുന്ന പോലീസുകാര്‍,മാഷ് പദ്ധതിയിലെ അധ്യാപകര്‍ എന്നിങ്ങനെ നിരവധിപേരുടെ പ്രയത്‌ന ഫലമായാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്.

എല്ലാ ബുധനാഴ്ചകളിലും ചേരുന്ന ജില്ലാതല കോറോണ കമ്മിറ്റി യോഗത്തിലാണ് നിര്‍ണ്ണായകമായ കോവിഡ് നിയന്ത്രണ തീരുമാനങ്ങള്‍ കൈകൊള്ളുന്നത്.കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റിയും സുപ്രധാന പങ്കാണ് വഹിച്ചത്.ഇനിയും ജാഗ്രത കൂടിയേ തീരൂ. സാമൂഹ്യ അകലം പാലിച്ചും,മാസ്‌ക് ധരിച്ചും ഇനിയും ജാഗ്രത തുടരണം.

No comments