Breaking News

ട്രെയിൻ യാത്രാ നിരക്കുകളിൽ നാലിരട്ടി വർദ്ധനവ് സാധാരണക്കാരായ യാത്രക്കാർക്ക് തിരിച്ചടി

കാഞ്ഞങ്ങാട്: സാധാരണക്കാരായ തീവണ്ടിയാത്രക്കാർക്ക് ഏറെ പ്രയോജനകരമായി വർഷങ്ങളോളം ഓടിയ മംഗളൂരു- കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ അടുത്ത ദിവസം മുതൽ വീണ്ടും ഓടിത്തുടങ്ങുമ്പോൾ, എക്സ്പ്രസ്സാക്കി മാറ്റി സ്പെഷ്യൽ ട്രെയിനായാണ് ഓടുന്നത്. സാധാരണക്കാർ കുടുംബ സമേതം കോയമ്പത്തൂരിലെ വിവിധ ആശുപത്രികളിലേക്കും, ഗുരുവായൂർ ക്ഷേത്രദർശനത്തിനുമുൾപ്പടെ യാത്ര ചെയ്തിരുന്നത് കോയമ്പത്തൂർ പാസഞ്ചർ ട്രെയിനിലായിരുന്നു. ഇപ്രകാരം മംഗളൂരുവിലേക്കും ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നു.

റിസർവ്വേഷൻ ചാർജ് ഉൾപ്പടെ കാസർകോട്ട് നിന്ന് മംഗളൂരുവിലേക്ക് പോകുന്നവർ ഇനി 115 രൂപ നൽകേണ്ടി വരും. പാസഞ്ചർ ട്രെയിനാവുമ്പോൾ, 10 രൂപ നിരക്കിൽ കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകാൻ സാധ്യമായിരുന്നു. റെയിൽവെ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് കൗണ്ടർ മുഖേന യാത്രാടിക്കറ്റ് നൽകുന്ന സംവിധാനം ഇനിയും പുനഃരാരംഭിച്ചിട്ടില്ല. ഇതൊഴിവാക്കി നാലിരട്ടി വരെ നിരക്ക് ഈടാക്കാനാണ് സ്പെഷ്യൽ ട്രെയിനായി ഓടിക്കുന്നത്.

മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമെ യാത്ര പോകാനാവൂ എന്നതിനാൽ എക്സ്പ്രസ് ട്രെയിൻ നിരക്കിന് പുറമെ റിസർവ്വേഷൻ ചാർജ് കൂടി നൽകേണ്ടി വരും. സാധാരണ യാത്രക്കാർ ചുരുങ്ങിയ ചെലവിൽ സഞ്ചരിക്കാൻ ഏറെ ആശ്രയിക്കുന്ന കോയമ്പത്തൂർ പാസഞ്ചർ വണ്ടിയെ സൗകര്യങ്ങളൊന്നും കൂട്ടാതെ ഒറ്റയടിക്ക് എക്സ്പ്രസ്സാക്കി മാറ്റിയത് വലിയ അനീതിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 മംഗളൂരുവിൽ നിന്ന് രാവിലെ 9ന-ന് പുറപ്പെടുന്ന കോയമ്പത്തൂർ വണ്ടി 9-58-ന് കാസർകോട്ടും, 10-24-ന് കാഞ്ഞങ്ങാട്ടും, 10-59-ന് പയ്യന്നൂരും, 11-52-ന് കണ്ണൂരിലുമെത്തും. കോയമ്പത്തൂരിൽ നിന്നുള്ള വണ്ടി രാവിലെ 7-55-ന് പുറപ്പെട്ട് വൈകീട്ട് 6-30 -ന് മംഗളൂരുവിലെത്തും. കോയമ്പത്തൂരിൽ നിന്നുള്ള വണ്ടി ആറിന് ബുധനാഴ്ചയും മംഗളൂരുവിൽ നിന്നുള്ള വണ്ടി ഏഴിന് വ്യാഴാഴ്ചയുമാണ് ആരംഭിക്കുന്നത്. 

No comments