Breaking News

ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രതിദിനം 100 പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  പരിശോധനകള്‍  ഫലപ്രദമായി നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്കടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും, പുരോഗതി കൃത്യമായി വിലയിരുത്തുകയും ചെയ്യും. 

ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാംഗ്ലൂര്‍, പുനെ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ട് പോകുന്നതിന് മാഷ് പദ്ധതി, വാര്‍ഡ് തല ജാഗ്രതാ സമിതികള്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 


 കൊറോണ  കോര്‍ കമ്മിറ്റി യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: 

അണ്‍ലോക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവിലെ എല്ലാ നിര്‍ദ്ദേശങ്ങളും ജില്ലയിലും ബാധകമാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ക്ക് രാത്രി  10  വരെ തുറന്ന് പ്രവര്‍ത്തിക്കാം. 

അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റു പോകാത്തതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലേലം നടത്താന്‍ അനുമതി നല്‍കി.
 ഉത്തര മലബാര്‍ തീയ സമുദായം ഈ വര്‍ഷത്തെ കളിയാട്ട മഹോല്‍സവവും ഭരണി മഹോല്‍സവവും മാറ്റി വെക്കാന്‍ തീരുമാനിച്ചത് മാതൃകാപരമായ നടപടിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍  അതീവ ജാഗ്രത തുടരേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും, കഴിഞ്ഞ ഒരാഴ്ച സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ജില്ലയിലാണെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്‍പ  അറിയിച്ചു. മഞ്ചേശ്വരം ഭാഗത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള സെക്ടര്‍ മജിസ്റേറ്റുമാരോട് നിര്‍ദ്ദേശിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലെ വിവിധ ലാബ്കളില്‍ പോയി വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം  ഇത്തരം ലാബുകളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കളക്ടര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഇത്തരം ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീണറുമായി ചര്‍ച്ച നടത്തും

കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ടി ഡ്യൂട്ടിക്കായി കൂടുതല്‍ പ്രൈമറി അധ്യാപകരെ നിയോഗിക്കും. 
പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് രോഗബാധ ഉണ്ടാകുന്നുണ്ടോ എന്ന് പ്രമോട്ടര്‍മാര്‍ മുഖേന വിവരം ലഭ്യമാക്കി ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കും. 
റേഷന്‍ കിറ്റുകള്‍ തടസ്സം കൂടാതെ പൊതുജനത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും, പരാതികളൊന്നുമില്ലാതെ കിറ്റ് വിതരണം നടക്കുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പട്ടികജാതി വികസന വകപ്പിന്റെ കീഴിലുള്ള പോസ്റ്റ് മെട്രിക്, പ്രീമെട്രിക്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചു. പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. 
ട്യൂഷന്‍ സെന്ററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍  കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ്,  കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

No comments