പൈവളികെ 50 മെഗാവാട്ട് സോളാർ പദ്ധതി ഉദ്ഘാടനം 23 ന് കാസർകോട്, മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസം
പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുത മേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ല കാലെടുത്ത് വെക്കുന്നത് ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്. ജില്ലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉത്പാദനം ജില്ലയില്‍ നിന്നാവും. സംസ്ഥാനത്തിന്റെ സൗര വൈദ്യൂത ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സോളാര്‍ പാര്‍ക്കില്‍ രണ്ടാമത്തെ സോളാര്‍ പദ്ധതി ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങി. പൈവളികെയിലെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് പദ്ധതി തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യകത പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹറു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസം
പൈവളിഗയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുബനൂര്‍ 110 കെ വി സബ്സ്റ്റേഷനിലൂടെയാണ് കെ എസ് ഇ ബി ഏറ്റെടുക്കുന്നത്. പദ്ധതി സ്ഥിതി ചെയ്യുന്ന കൊമ്മന്‍ഗളയില്‍ നിന്ന് കൂബനൂരിലേക്ക് വൈദ്യുതി എത്തിക്കാന്‍ 8.5 കിലോമീറ്റര്‍ കവേര്‍ഡ് കണ്ടക്ടര്‍ ഉള്ള 33 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ സ്ഥാപിച്ചു. ഇതുവഴിയെത്തുന്ന വൈദ്യുതി കുബനൂര്‍ സബ്സ്റ്റേഷനിലെ രണ്ട് 25 എം വി എ ട്രാന്‍സ്ഫോറിലൂടെ സ്വീകരിച്ച് വിതരണം ചെയ്യും. പൈവളികെ സബ്സ്റ്റേഷന്‍ 2020 ഡിസംബര്‍ 31 ന് കമ്മീഷന്‍ ചെയ്ത് പ്രസരണം ആരംഭിച്ചിരുന്നു.
പൈവളിഗെ പദ്ധതികൂടി യാഥാര്‍ഥ്യമാക്കുന്നതോടെ ജില്ലയുടെ വൈദ്യുത മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടാകുക. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത വിതരണശൃംഖലയിലെ വോള്‍ട്ടേജ് ക്ഷാമമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹാരമാകുന്ന പദ്ധതി ജില്ലയിലെ വ്യവസായിക മേഖലക്കും പുത്തന്‍ ഉണര്‍വേകുമെന്ന് റിന്യൂവബള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ പി സി കെ എല്‍) സി ഇ ഒ അഗസ്റ്റിന്‍ തോമസ് പറഞ്ഞു.
No comments