Breaking News

പാണത്തൂർ ബസ് അപകടം; രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും



ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ ബസ് അപകടം സംബന്ധിച്ച് രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് തയാറാകും. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കര്‍ണാടകത്തില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെടാനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പാണത്തൂര്‍ – പുത്തൂര്‍ പാതയില്‍ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. ഇറക്കത്തില്‍ ന്യൂട്രലില്‍ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്തു.

വാഹനത്തിനകത്ത് നിറയെ ആള്‍ക്കാരുണ്ടായതും അപകടത്തിന്റെ ആക്കം കൂട്ടി. എഴുപത്തി നാലു പേര്‍ ബസിനകത്തുണ്ടായിരുന്നതായാണ് വിവരം. മരണപ്പെട്ടവരില്‍ പലരും ബസിനടിയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ കാഞ്ഞങ്ങാട് സബ് കളക്ടറെയാണ് ജില്ല കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തു നിന്നും അപകടത്തില്‍പ്പെട്ടവരില്‍ നിന്നുമടക്കം വിവരങ്ങള്‍ ശേഖരിച്ചാകും സബ് കളക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കുക.

No comments