Breaking News

മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ 'പശ പ്രയോഗം'; കാൽ വേർപെടുത്തിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ




കൽപ്പറ്റ: നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ സാമൂഹ്യവിരുദ്ധർ പശയൊഴിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാൽ വേർപെടുത്താനായത്. വയനാട് മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിദേശനിർമ്മിത പശയാണ് ചെരിപ്പിനുള്ളിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മഗരിബ് (സന്ധ്യാ)നിസ്‌ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ഏറെ ശ്രമപ്പെട്ടാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. ഇതിനിടെ കടുത്ത പ്രമേഹ രോഗിയായ സൂപ്പി ഹാജിയുടെ കാലിൽ മുറിവ് പറ്റിയിട്ടുണ്ട്. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയിട്ടുണ്ട്.


സംഭവത്തെക്കുറിച്ച് മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളിയിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

No comments