റാണിപുരം പുൽമേടുകൾ തീയിട്ട് നശിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ പനത്തടി ബ്ലോക്ക് കമ്മറ്റി ഞായറാഴ്ച്ച റാണിപുരത്ത് പ്രതിഷേധ സംഗമം തീർക്കും
പനത്തടി: മനോഹരമായ റാണിപുരം പുൽമേടുകൾ തീയിട്ട് കരിച്ചു കളഞ്ഞ അധികൃതരുടെ ഹീനമായ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. സന്ദർശകർ ഏറ്റവും കൂടുതൽ എത്തുന്ന സമയത്താണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിൻ്റെ ഫലമായി റാണിപുരത്തെ മുഴുവനായും കരിച്ചു കളഞ്ഞത്. കാട്ടുതീ പടരുന്നത് തടയാനുള്ള മുൻകരുതലിൻ്റെ ഭാഗമായി എല്ലാ വർഷവും വനാതിർത്തിയിലെ അരികുകളിൽ ഫയർലൈൻ ഇട്ട് സംരക്ഷിക്കാറുണ്ട്. റാണിപുരത്തിൻ്റെ ദൃശ്യഭംഗിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള മുൻകരുതലുകളാണ് മുൻകാലങ്ങളിൽ അധികൃതർ സ്വീകരിച്ചു വന്നിരുന്നത്, പക്ഷെ ഇത്തവണ അതിൻ്റെ പേരിൽ റാണിപുരം മുൽമേടുകൾ മുഴുവനായും കത്തിച്ചു കളഞ്ഞിരിക്കുകയാണ്. പ്രവേശന ഫീസ് ഇനത്തിൽ സന്ദർശകരിൽ നിന്നും നല്ലൊരു തുക ഈടാക്കുന്നുണ്ട്. കരിഞ്ഞ മലകൾ കാണാനാണോ തങ്ങൾ പണം കൊടുത്ത് മല കയറേണ്ടത് എന്നാണ് സന്ദർശകർ ഇപ്പോൾ ചോദിക്കുന്നത്. മലമുകളിലെ കഠിനമായ വെയിലിൽ ഉടനെയൊന്നും പുതിയ പുല്ലുകൾ വളരാനും സാധ്യതയില്ല. ഏക്കറുകളോളം പുൽമേടുകൾ കത്തിച്ചു കളഞ്ഞപ്പോൾ അതിൽ വസിക്കുന്ന ഒട്ടേറെ പ്രാണികളും ചെറു ജീവജാലങ്ങളും വെന്തു ചാവാനും സാധ്യതയുണ്ട്. ലോക്ക്ഡൗണിൻ്റെ ഭാഗമായി മാസങ്ങളോളം റാണിപുരം വിനോദ സഞ്ചാര കേന്ദ്രം അടഞ്ഞു കിടന്നിരുന്നു ആ സമയത്ത് ഒന്നും ചെയ്യാതെ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സമയത്ത് തന്നെ റാണിപുരത്തെ കത്തിച്ച് കളഞ്ഞ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നാണ് ജനങ്ങൾ പറയുന്നത്.
എന്നാൽ, മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള ഔദ്യോഗിക കൃത്യം നിർവ്വഹിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രവേശന നിരക്ക് 50 രൂപയായി വർദ്ധിപ്പിച്ചതിലും
പുൽമേടുകൾ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ പനത്തടി ബ്ലോക്ക് കമ്മറ്റി ഞായറാഴ്ച്ച രാവിലെ റാണിപുരത്ത് പ്രതിഷേധ സംഗമം നടത്തും.
No comments