Breaking News

നാടിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരണം നടന്നു


ഭീമനടി: ദാരിദ്ര്യ ലഘുകരണ മേഖലയിൽ ഭവന പദ്ധതികൾ ആരോഗ്യമേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് സെൻററിന് മൾട്ടി പാരാമീറ്റർ മോണിറ്റർ,വൃക്കരോഗികൾക്ക് ഡയാലിസിസ് ധനസഹായം, വിവിധ മാലിന്യനിർമ്മാർജ്ജന പരിപാടികൾ, സ്ത്രീശാക്തീകരണ മേഖലയിൽവനിതകൾക്ക് കൂൺകൃഷി, വനിതകൾക്ക് പോത്ത് കുട്ടി വിതരണം, വനിത കർഷകർക്ക് കാലിത്തീറ്റ വിതരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമന ലക്ഷ്യമാക്കി ഭിന്നശേഷി സഹായ ഉപകരണം, വയോജനങ്ങള്ക്ക് വിശ്രമകേന്ദ്രം തുടങ്ങി സമഗ്ര മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക ബജറ്റ് അവതരിപ്പിച്ചു.


സുഭിക്ഷകേരളം, സമഗ്ര കുടിവെള്ള പദ്ധതിയായി ജലജീവൻ, സമഗ്ര തെരുവ് വിളക്ക് പദ്ധതിയായി നിലാവ് തുടങ്ങിയ നൂതന പദ്ധതികളും, പട്ടിക ജാതി പട്ടിക വർഗ്ഗ മേഖലയിൽ ഭവന പുനരുദ്ദാരണം മൽസ്യ മേഖലയിൽ മൽസ്യകൃഷി, ശിശുക്കൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിപാടി, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയര് പരിപാടി എന്നിവയ്ക്കുമായി 2 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സാമൂഹിക സുരക്ഷിതത്വ പെൻഷനുകൾ നൽകുന്നതിന് 4.5 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് 7 കോടി രൂപയും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകൾക്കായി 1.5 കോടിയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ഹൈടെക് എന്ന് നിർമാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്.

ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്, ലഭ്യമാകുന്ന വിഭവങ്ങളിൽ നിന്നു കൊണ്ട് റോഡു നിർമ്മാണം, അറ്റകുറ്റപണി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.ഭവന നിർമ്മാണ മേഖലയിൽ സംസ്ഥാന സർക്കാറിൻറെ ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട്.


സംസ്ഥാന സർക്കാര് പഞ്ചായത്തിന് അനുവദിച്ച ഫണ്ടും തനത് ഫണ്ടും മറ്റു മേഖലയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് കൊണ്ട് പഞ്ചായത്തിൻറെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ബഡ്ജറ്റില് ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് ഗിരിജമോഹൻ പറഞ്ഞു. ആകെ 21,87,27,668 രൂപ വരവും 21,58,20,627 രൂപ ചിലവും 29,07,041 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് വൈസ് പ്രസിഡൻറ്  പി. സി ഇസ്മായിൽ അവതരിപ്പിച്ചു. യോഗത്തിൽ സെക്രട്ടറി എം വിനോദ്കുമാർ സ്വാഗതവും, സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ കെ തങ്കച്ചന് ,  മോളിക്കുട്ടി പോൾ, അഖില എന്നിവർ സംസാരിച്ചു. അകൌണ്ടൻറ് നാസ്സർ പി.പി നന്ദിയും പറഞ്ഞു.

No comments