എൻഡോസൾഫാൻ: പ്രതിഷേധജ്വാല ഫെബ്രു:18 ന് കാസർകോട്
അനർഹർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് 6727 പേരെയും വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യത്തിനു പിന്നിൽ കീടനനാശിനി കമ്പനികളുടെ താല്പര്യമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിച്ചു. അനർഹരുണ്ടെങ്കിൽ അതിനുത്തരവാദികളെ കണ്ടെത്തി ആവശ്യമായ നടപടികളെടുക്കുന്നതിനു പകരം ദുരിത ബാധിതരെ പരീക്ഷണ വസ്തുക്കളാക്കുന്ന നടപടി ഒരു കാരണവശാലും സർക്കാർ അംഗീകരിക്കരുതെന്ന് മുന്നണി യോഗം ആവശ്യപ്പെട്ടു.
എൻഡോസൾഫാനനുകൂലമായ പ്രസ്താവങ്ങൾ നടത്തിയും ദുരിത ബാധിതരെ അവഹേളിച്ചും ജില്ലാ ഭരണാധികാരിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായപ്പോൾ ഉത്തരവാദപ്പെട്ടവർ മൗനം അവലംബിച്ചതിന്റെ പിന്നിൽ ഭരിക്കുന്നവരുടെ കൂടി ഒത്താശയുണ്ടോയെന്ന് സംശയിക്കുന്നതായി യോഗം ആശങ്കപ്പെട്ടു.
കേരളം കണ്ട അസാമാനകളില്ലാത്ത ജനകീയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾക്ക് കത്തി വെക്കാൻ ആരേയും അനുവദിക്കരുതെന്ന് യോഗം അഭ്യർത്ഥിച്ചു. കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയടക്കം മുൻ നിര സമരമേറ്റെടുത്തത് ആരും മറക്കാൻ പാടില്ല.
ജീവനാശിനികളായ കീടനാശിനികളെ കുറ്റവിമുക്തമാക്കി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് കൃഷി ശാസ്ത്രത്തിന്റെ പേരിൽ ജില്ലാ കലക്ടർ നടത്തുന്നതെന്ന് കാണാതെ പോകരുത്. ലോകത്തൊരമ്മയ്ക്കും തങ്ങളുടെ ഗതി വരരുതേയെന്ന് വിളിച്ചു പറഞ്ഞാണ് കാസറഗോഡൻ ഗ്രാമങ്ങളിലെ അമ്മമാരി പ്പോഴും പോരാട്ടങ്ങൾ തുടരുന്നത്.
ഭരണകൂട ഭീകരത ഏല്പിച്ച ദുരിതങ്ങളിൽ പെട്ടവരെ രക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാറിൽ നിക്ഷിപ്തമാണെന്നിരിക്കെ ചിലവു തുക നിരത്തി നഷ്ടക്കണക്കുകളിൽ വാചാലമാകുന്നത് ജനതാല്പര്യമാണെന്ന് വിശ്വസിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.
മധുരം പുരട്ടിയ വെടിയുണ്ടകൾക്ക് സമാനമായ രീതിയാണ് അനർഹരുടെ വിവരങ്ങൾ കാണിച്ച് ദുരിതങ്ങളെ ലഘൂകരിച്ച് ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടണമെന്ന് എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.
യോഗത്തിൽ മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു. കെ.കൊട്ടൻ,
ഒ. ശർമ്മിള , റസിയ തൃക്കരിപ്പൂർ , ജോഷിജോസഫ്, സുനിതജോർജ്ജ് ,
പി.ജെ. ആന്റണി പി.ലതിക. ,അഷറഫ് പാണത്തൂർ, എം.പി. ഫിലിപ്പ്, കെ. പ്രവീൺ , എസ്.മനോജ് , കെ.രാജീവൻ ,ശ്രീകല കാഞ്ഞിരടുക്കം
സംസാരിച്ചു
അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു.

No comments