Breaking News

261 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം:​സംസ്ഥാനത്ത് 261 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. വിവാദ നിയമനങ്ങള്‍ക്കെതിരെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.


വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യുഡിസി, 17 എല്‍ഡിസി ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകളാണ് സൃഷ്ടിക്കുക. അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.


സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്തും. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.


സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.


കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.


സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്.

No comments