Breaking News

ചെറുപുഴ - വള്ളിത്തോട് മലയോര ഹൈവേ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും


ചെറുപുഴ: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ കാസര്‍ഗോഡ് - തിരുവനന്തപുരം മലയോര ഹെെവേയിലെ ആദ്യ ഘട്ടമായ ചെറുപുഴ - വള്ളിത്തോട് റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വെെകിട്ട് 4 മണിക്ക്  ചെറുപുഴയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലെെനായി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനാകും. ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് മുഖ്യാത്ഥിയായി പങ്കെടുക്കും.


കാസർകോട്‌ ജില്ലയിലെ  നന്ദാരപടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ 1251 കിലോമീറ്ററിലാണ്‌ നിർദിഷ്ട മലയോര ഹെെവേ.സംസ്ഥാന പാത 59 എന്നും അറിയപ്പെടുന്ന ഈ പാത ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെ കടന്നുപോവും. കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന്തരമായാണ് പാത പോകുന്നത്. ഇവ മലപ്പുറം ജില്ലയിൽ സംഗമിക്കും. മലയോര ഹൈവേയുടെ നിര്‍മ്മാണം 45- റീച്ചുകളിലായാണ് പൂർത്തിയാക്കുന്നത്. ഇതിനായി 2017–ലെ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് 3500 കോടി രൂപ കിഫ്‌ബിയിൽ ഉള്‍പെടുത്തി അനുവദിച്ചു. വിവിധ ജില്ലകളിലായി 30ലധികം റീച്ചുകളുടെ നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്‌.ബാക്കിയുള്ള റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്‌.


കണ്ണൂര്‍ ജില്ലയിൽ ചെറുപുഴ മുതൽ വള്ളിത്തോടു വരെയുള്ള 64.5 കിലോമീറ്റർ ഹൈവേയാണ് പൂർത്തിയായത്. ചെറുപുഴ മുതൽ അരങ്ങം വരെയും കരുവഞ്ചാൽ മുതൽ ചെമ്പേരിക്കടുത്ത് പുറഞ്ഞാൺവരെയും പയ്യാവൂർ മുതൽ ഉളിക്കൽ വരെയും കൂമന്തോട് മുതൽ വള്ളിത്തോട് വരെയും 49 കിലോമീറ്റർ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പുതുതായി നിർമിച്ചത്. 


12 മീറ്റർ വീതിയുള്ള റോഡിൽ ഏഴു മീറ്റർ വീതിയിലാണ് ടാറിട്ടത്. വെള്ളം കുത്തിയൊഴുകുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ഇതൊഴുകി പോകുന്നതിന് കൂടുതൽ ശേഷിയുള്ള ഓവുചാൽ നിർമിച്ചിട്ടുണ്ട്. വലിയ പാലങ്ങളൊന്നം നിർമിക്കേണ്ടിവന്നില്ല. 65 കലുങ്കുകൾ പണിതു. 


മഴക്കെടുതിയിൽ ഉളിക്കൽ ഭാഗത്ത് റോഡ് ഇടിഞ്ഞത് മാറ്റിപ്പണിതു. രണ്ടു കോടിയോളം രൂപയുടെ അധികച്ചെലവാണിതു

കാരണം ഉണ്ടായതെന്ന് കരാറുകാർ പറയുന്നു. 190 കോടി രൂപയുടെ അടങ്കലുള്ള റോഡ് പണി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കുന്നത്. 500 തൊഴിലാളികൾ മൂന്ന് വർഷം മൂന്ന് ക്യാമ്പുകളിലായി താമസിച്ചാണ് പണി നടത്തിയത്. ചെറുപുഴ ചെക്കിച്ചേരി, നടുവിൽ, പയ്യാവൂർ കാക്കത്തോട് എന്നിവിടങ്ങളിൽ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു. ക്യാമ്പുകളിലേക്കാവശ്യമായ പച്ചക്കറി തൊഴിലാളികൾതന്നെ കൃഷിചെയ്തു.


വള്ളിത്തോട് മുതൽ ചെറുപുഴ വരെയുള്ള ഹൈവേ പൂർത്തിയാകുന്നതിന് മുൻപുതന്നെ ചെറുപുഴയിൽനിന്ന് കാസർകോട്‌ ജില്ലയിലെ കോളിച്ചാലിലേക്ക് മലയോര ഹൈവേ നീട്ടുന്നത് ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റി തന്നെ ഏറ്റെടുത്തുനടത്തുന്ന ഈ പണി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. കാസർകോട് ജില്ലയിൽ മലയോര ഹൈവേയുടെ ഒരു ഭാഗമാണിത്. 33 കിലോമീറ്ററാണ് നീളം.


No comments