ടി.വി.യോ ഫ്രിഡ്ജോ ഉണ്ടെങ്കില്‍ ബി.പി.എല്‍. പട്ടികയില്‍നിന്ന് പുറത്താകും
ബെംഗളൂരു: സ്വന്തമായി ടി.വി. യോ ഫ്രിഡ്ജോ ഇരുചക്രവാഹനമോ ഉള്ളവരെ ബി.പി.എൽ. പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് കർണാടക ഭക്ഷ്യ- പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി. മാർച്ച് 31-നുള്ളിൽ ഇത്തരക്കാർ ബി.പി.എൽ. കാർഡ് തിരികെ സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഷിക വരുമാനം 1.2 ലക്ഷത്തിൽ കുറവുള്ളവരാണ് സർക്കാർ കണക്കിൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ കൂടുതൽ വരുമാനമുണ്ടായിട്ടും ബി.പി.എൽ. പട്ടികയിലുള്ളവർ സർക്കാരിന്റെ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31-നുള്ളിൽ ഇത്തരം കാർഡുകൾ തിരിച്ചേൽപ്പിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കും.
അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തികച്ചും നിരുത്തരവാദപരമാണ് സർക്കാരിന്റെ നിർദേശമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരുടെ വീടുകളിൽ പോലും ടി.വി.യും ഫ്രിഡ്ജും ഇരുചക്രവാഹനവുമുണ്ടാകും. വായ്പയെടുത്താണ് വാങ്ങിുന്നത്. ഇത്തരം ഉപകരണങ്ങളൊന്നും ആഡംബരത്തിന്റെ പ്രതീകമല്ലെന്നും നിത്യജീവിതത്തിന് ആവശ്യമായ വസ്തുക്കളാണെന്നും കോൺഗ്രസ് പ്രതികരിച്ചു. ദാരിദ്രം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പറയുമ്പോൾ ദരിദ്രരെ ഇല്ലാതാക്കുകയെന്നതാണ് ബി.ജെ.പി.യുടെ മുദ്രവാക്യമെന്ന് യു.ടി. ഖാദർ എം.എൽ.എ. പറഞ്ഞു. ജനവിരുദ്ധമായ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ സർക്കാരിനെ ജനങ്ങൾ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യു.ടി. ഖാദർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചുരുങ്ങിയ ജീവിതസാഹചര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിൻവാങ്ങുകയാണെന്ന് ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും ആരോപിച്ചു.

No comments