കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദേശം. ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ആദ്യം തന്നെ രണ്ട് പരിശോധനകൾക്കുമുള്ള സാമ്പിൾ ശേഖരിക്കണമെന്നും നിർദ്ദേശം.
സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആർടി-പിസിആർ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ആർടി-പിസിആർ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാർഗനിർദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവർക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം. ആർടി-പിസിആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാംപിൾ ആർടി-പിസിആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. പുതിയ നിർദ്ദേശം നടപ്പാകുന്നതോടെ ആർടി-പിസിആർ പരിശോധന കൂടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് പത്ത് ലക്ഷം കടന്നിരുന്നു. 2020 ജനുവരി 30 നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.ഒരു വർഷവും 15 ദിവസവും പിന്നിടുമ്പോളാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത്.
ആദ്യ എട്ട് മാസത്തിലാണ് ഒരു ലക്ഷം പേർ രോഗികളായതെങ്കിൽ പിന്നീങ്ങോട്ട് രോഗവ്യാപനം അതിരൂക്ഷമായി. ഇടയ്ക്ക് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി. പ്രതിദിന പരിശോധന ഒരു ലക്ഷമായി ഉർത്തുമെന്ന പ്രഖ്യാപനം ഇപ്പോഴും നടപ്പായിട്ടില്ല.

No comments